ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ക്വാര്‍ട്ടറിലെത്തിയ കേരളത്തിന് സര്‍വീസസിനെതിരെ ആ മികവ് പുറത്തെടുക്കാനായില്ല. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളത്തിനായി ഓപ്പണര്‍ രോഹന്‍ എസ് കുന്നുമേലും(85), വിനൂപ് മനോഹരനും മാത്രമെ പൊരുതിയുള്ളു.
ജയ്പൂര്‍: വിജയ് ഹസാരെ ട്രോഫി(Vijay Hazare Trophy) ഏകദിന ടൂര്‍ണമെന്‍റ് ക്വാര്‍ട്ടറില്‍ കേരളത്തിന്(KER v SER) തോല്‍വി. സര്‍വീസസാണ് കേരളത്തിന്‍റെ സെമി പ്രതീക്ഷകള്‍ എറിഞ്ഞിട്ടത്. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കേരളം 40.4 ഓവറില്‍ 175 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ തുടക്കത്തിലെ തകര്‍ച്ചക്കുശേഷം സര്‍വീസസ് 30.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. അര്‍ധസെഞ്ചുറികള്‍ നേടിയ രവി ചൗഹാനും ക്യാപ്റ്റന്‍ രജത് പലിവാളുമാണ് സര്‍വീസസിന് അനായാസ ജയമൊരുക്കിയത്. സ്കോര്‍ കേരളം 40.4 ഓവറില്‍ 175ന് പുറത്ത്, സര്‍വീസസ് 30.5 ഓവറില്‍ 2176-3.
ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ക്വാര്‍ട്ടറിലെത്തിയ കേരളത്തിന് സര്‍വീസസിനെതിരെ ആ മികവ് പുറത്തെടുക്കാനായില്ല. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളത്തിനായി ഓപ്പണര്‍ രോഹന്‍ എസ് കുന്നുമേലും(85), വിനൂപ് മനോഹരനും മാത്രമെ പൊരുതിയുള്ളു. 12 റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് കേരളത്തിന്‍റെ നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍. എക്സ്ട്രാ ആയി ലഭിച്ച 11 റണ്‍സാണ് കേരളത്തിന്‍റെ നാലാമത്തെ വലിയ സ്കോര്‍.
കരുതലോടെ തുടങ്ങഇയെങ്കിലും ഏഴാം ഓവറില്‍ മുഹമ്മദ് അസ്ഹറുദ്ദീനെ നഷ്ടമായതോടെ കേരളത്തിന്‍റെ തകര്‍ച്ച തുടങ്ങി. തൊട്ടുപിന്നാലെ നേരിട്ട ആദ്യ പന്തില്‍ ജലജ് സക്സേന പൂജ്യനായി മടങ്ങി. വിനൂപ് മനോഹരനും രോഹന്‍ കുന്നുമേലും ചേര്‍ന്ന് കേരളത്തെ 100 കടത്തി കരകയറ്റിയെങ്കിലും വിനൂപ് പുറത്തായതിന് പിന്നാലെ കേരളം രണ്ടാമതും തകര്‍ച്ചയിലായി. സച്ചിന്‍ ബേബി പുറത്താവുമ്പോള്‍ കേരളം 31-ാം ഓവറില്‍ 135 റണ്‍സെന്ന ഭേദപ്പെട്ട നിലയിലായിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍(2), വിഷ്ണു വിനോദ്(4), സിജോമോന്‍ ജോസഫ്(9), മനു കൃഷ്ണന്‍(4) എന്നിവരെ തുടരെ നഷ്ടമായതോടെ കേരളത്തിന്‍റെ ഇന്നിംഗ്സ് 175 റണ്‍സിലൊതുങ്ങി.
സര്‍വീസസിന് വേണ്ടി ദിവേഷ് പതാനിയ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അഭിഷേക്, പുല്‍കിത് നാരംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ ലഖന്‍ സിംഗിനെയും(4), മുംതാസ് ഖാദിറിനെയും(4) മനു കൃഷ്ണന്‍ പുറത്താക്കിയതോടെ തകര്‍ച്ചയിലായ സര്‍വീവസസിനെ രവി ചൗഹാനും(95) ക്യാപ്റ്റന്‍ രജത് പലിവാളും 150 റണ്‍സ് കൂട്ടുകെട്ടിലൂടെ വിജയത്തോട് അടുപ്പിച്ചു. സെഞ്ചുറിക്ക് അരികെ ചാഹാന്‍ വീണെങ്കിലും മോഹിത് അഹ്ലാവത്തിനെ കൂട്ടുപിടിച്ച് പലിവാള്‍ സര്‍വീസസിനെ സെമിയിലെത്തിച്ചു. മറ്റൊരു ക്വാര്‍ട്ടറില്‍ വിദര്‍ഭയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് സൗരാഷ്ട്രയും സെമിയിലെത്തി.
