ഓപ്പണര്‍ ബാബാ അപരാജിതിന്‍റെ സെഞ്ചുറിയാണ് തമിഴ്നാടിന് ജയമൊരുക്കിയത്. 124 പന്തില്‍ 122 റണ്‍സെടുത്ത അപരാജിതിന് പുറമെ വാഷിംഗ്ടണ്‍ സുന്ദറിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സും(61 പന്തില്‍ 70), ഇന്ദ്രജഡിത്(50), ദിനേശ് കാര്‍ത്തിക്(31) എന്നിവരുടെ പ്രകടനങ്ങളും തമിഴ്നാടിന്‍റെ വിജയത്തില്‍ നിര്‍ണായകമായി.

ജയ്പൂര്‍: അവസാന ബോള്‍ ത്രില്ലറില്‍ സൗരാഷ്ട്രയെ വീഴ്ത്തി തമിഴ്‌നാട്(TN vs SAU) വിജയ് ഹസാരെ ട്രോഫി(Vijay Hazare Trophy) ഫൈനലിലെത്തി. 311 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന തമിഴ്നാട് അവസാന പന്തില്‍ ബൗണ്ടറി നേടിയാണ് ഫൈനല്‍ ബര്‍ത്തുറപ്പിച്ചത്. സര്‍വീസസിനെ 77 റണ്‍സിന് മറികടന്ന ഹിമാചല്‍ പ്രദേശാണ് ഫൈനലില്‍ തമിഴ്നാടിന്‍റെ എതിരാളികള്‍. സ്കോര്‍ സൗരാഷ്ട്ര 50 ഓവറില്‍ 310-8, തമിഴ്നാട് 50 ഓവറില്‍ 314-8.

ഓപ്പണര്‍ ബാബാ അപരാജിതിന്‍റെ സെഞ്ചുറിയാണ് തമിഴ്നാടിന് ജയമൊരുക്കിയത്. 124 പന്തില്‍ 122 റണ്‍സെടുത്ത അപരാജിതിന് പുറമെ വാഷിംഗ്ടണ്‍ സുന്ദറിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സും(61 പന്തില്‍ 70), ഇന്ദ്രജഡിത്(50), ദിനേശ് കാര്‍ത്തിക്(31) എന്നിവരുടെ പ്രകടനങ്ങളും തമിഴ്നാടിന്‍റെ വിജയത്തില്‍ നിര്‍ണായകമായി. ഓപ്പണര്‍ എന്‍ ജഗദീശനെയും(0), ക്യാപ്റ്റന്‍ വിജയ് ശങ്കറെയും(4) തുടക്കത്തിലെ നഷ്ടമായ തമിഴ്‌നാടിനെ മൂന്നാം വിക്കറ്റില്‍ 97 റണ്‍സിന്‍റെ കൂട്ടുകെട്ടിലൂടെ അപരാജിതും ഇന്ദ്രജിത്തും കരകയറ്റുകയായിരുന്നു. ഇന്ദ്രജിത് പുറത്തായശേഷം കാര്‍ത്തിക്കിന്‍റെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെയും പ്രകടനങ്ങളും മത്സരത്തില്‍ നിര്‍ണായകമായി.

വിജയത്തിനരികെ ഷാരൂഖ് ഖാനും(17) വാഷിംഗ്ടണ്‍ സുന്ദറും പുറത്തായെങ്കിലും അവസാന പന്തില്‍ ബൗണ്ടറി നേടിയ സായ് കിഷോര്‍(12*) തമിഴ്നാടിനെ അവിശ്വസനീയ ജയത്തിലേക്ക് നയിച്ചു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര ഷെല്‍ഡണ്‍ ജാക്സന്‍റെ(125 പന്തില്‍ 134) സെഞ്ചുറിക്കരുത്തിലാണ് മികച്ച സ്കോറുയര്‍ത്തിയത്. ഓപ്പണര്‍ വിശ്വരാജ് സിംഗ് ജഡേജ(52), വാസവദ(40 പന്തില്‍ 57) എന്നിവരുടെ ഇന്നിംഗ്സുകളും സൗരാഷ്ട്രക്ക് കരുത്തായി. തമിഴ്നാടിനായി വിജയ് ശങ്കര്‍ നാലും സിലമ്പരസന്‍ മൂന്നും വിക്കറ്റെടുത്തു.

കേരളത്തെ വീഴ്ത്തിയ സര്‍വീസസിനെ തകര്‍ത്ത് ഹിമാചല്‍

നേരത്തെ നടന്ന ആദ്യ സെമി ഫൈനലില്‍ കേരളത്തെ ക്വാര്‍ട്ടറില്‍ വീഴ്ത്തിയ സര്‍വീസസിനെ 77 റണ്‍സിന് തകര്‍ത്താണ് ഹിമാചല്‍ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഹിമാചല്‍ ചോപ്രയുടെയും(78), ക്യാപ്റ്റന്‍ റിഷി ധവാന്‍റെയും(77 പന്തില്‍ 84) അര്‍ധസെഞ്ചുറി മികവില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തപ്പോള്‍ സര്‍വീസ് 46.1 ഓവറില്‍ 204 റണ്‍സിന് ഓള്‍ ഔട്ടായി. നാലു വിക്കറ്റെടുത്ത റിഷി ധവാന്‍ ബൗളിംഗിലും തിളങ്ങി.