ലണ്ടന്‍: പുതിയ സീസണില്‍ പുതിയ മുഖവുമായി എത്തുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിന്റെ പുതിയ ലോഗൊ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആര്‍സിബിയുടെ പുതിയ ലോഗോയെക്കുറിച്ച് ആരാധകരും താരങ്ങളും അഭിപ്രായം പറയുന്നതിനിടെ  പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ടീമിന്റെ മുന്‍ ഉടമ കൂടിയായ വിജയ് മല്യ.

അഭിനന്ദനങ്ങള്‍, ഇതിലൂടെയെങ്കിലും കിരീടം നേടാനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മല്യ ട്വീറ്റ് ചെയ്തു. ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണമെന്നും മല്യ വ്യക്തമാക്കിയിട്ടുണ്ട്.  അണ്ടര്‍-19 ലോകകപ്പില്‍ നിന്നാണ് കോലി ടീമിലെത്തുന്നത്. കളിക്കാരനെന്ന നിലയില്‍ അസാമാന്യ പ്രകടനം പുറത്തെടുക്കുന്ന കോലി നായകനെന്ന നിലയില്‍ ഇന്ത്യയെ വലിയ വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ട്.  

അതുകൊണ്ടുതന്നെ ആര്‍സിബി ക്യാപ്റ്റനെന്ന നിലയില്‍ കോലിക്ക് കൂടുതല്‍ സ്വാതന്ത്ര്യം കൊടുക്കണം. ഏറെനാളായി ഐപിഎല്‍ കിരീടത്തിനായി ആര്‍സിബി ആരാധകര്‍ കാത്തിരിക്കുന്നു എന്നായിരുന്നു മല്യയുടെ ട്വീറ്റ്. ലോഗോ മാത്രമല്ല ടീമിന്റെ പേരും മാറ്റാന്‍ ആര്‍സിബി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇത് സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നുമില്ല.

മുത്തൂറ്റ് ഫിന്‍ കോര്‍പ്പുമായി മൂന്ന് വര്‍ഷത്തെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പിട്ടശേഷമാണ് ലോഗോ മാറ്റം അടക്കമുള്ള നീക്കങ്ങളുമായി ആര്‍സിബി രംഗത്തെത്തിയത്. 2016 ഐപിഎല്ലില്‍ റണ്ണേഴ്സ് അപ്പുകളായ ആര്‍സിബിക്ക് ഇതുവരെ കിരീടത്തില്‍ മുത്തമിടാനായിട്ടില്ല. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്തായിരുന്നു ടീം ഫിനിഷ് ചെയ്തത്.