അന്നേ ഏറെ പ്രത്യേകതകളുള്ള കളിക്കാരനാണ് കോലിയെന്ന് എനിക്ക് തോന്നിയിരുന്നു. അങ്ങനെയാണ് കോലിയെ ഞാന്‍ ആര്‍സിബിയിലേക്ക് തെരഞ്ഞെടുക്കുന്നത്.

ലണ്ടന്‍: പതിനെട്ട് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചല‍ഞ്ചേഴ്സ് ബെംഗളൂരു ആദ്യ ഐപിഎല്‍ കിരീടം നേടിയതിന്‍റെ വിജയാഘോഷം ദുരന്തത്തില്‍ കലാശിച്ചതിന്‍റെ ഞെട്ടലിലാണ് ആരാധകരിപ്പോഴും. കിരീടനേട്ടം ആഘോഷിച്ചുതീരും മുമ്പെ തിക്കിലും തിരിക്കിലുംപെട്ട് 11 പേര്‍ മരിച്ചത് ആര്‍സിബിയുടെ നേട്ടത്തിൽ കരിനിഴല്‍ വീഴ്ത്തുതയും ചെയ്തു.

ഇതിനിടെ ആര്‍സിബിയുടെ ആദ്യ ഉടമയായ വിജയ് മല്യയുടെ പ്രതികരണമാണ് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുന്നത്. ക്രിക്കറ്റിനോടുള്ള സ്നേഹം മൂത്തല്ല താന്‍ ആര്‍സിബിയെ 2008ല്‍ സ്വന്തമാക്കിയത് എന്നാണ് വിജയ് മല്യ രാജ് ഷമാനിയുടെ പോഡ്കാസ്റ്റില്‍ പ്രതികരിച്ചത്. 2008ല്‍ ലളിത് മോഡിയാണ് ബിസിസിഐക്ക് മുമ്പാകെ ഐപിഎല്‍ ക്രിക്കറ്റ് ലീഗ് എന്ന മോഡല്‍ അവതരിപ്പിച്ചത്. അദ്ദേഹം എന്നെ വിളിച്ച് ലേലത്തില്‍ ടീമിനെ സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടോ എന്ന് അന്വേഷിച്ചിരുന്നു.

അങ്ങനെയാണ് ഞാന്‍ മുംബൈ അടക്കം മൂന്ന് ടീമുകള്‍ക്ക് വേണ്ടി ശ്രമിച്ചത്. വളരെ ചെറിയ തുകയ്ക്കാണ് അന്ന് എനിക്ക് മുംബൈ ടീമിനെ നഷ്ടമായത്. അങ്ങനെയാണ് ഞാന്‍ ബെംഗളൂരു ടീമിനെ ലേലത്തില്‍ സ്വന്തമാക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്‍റെ തന്നെ മുഖച്ഛായ മാറ്റുന്ന ലീഗായിരിക്കും ഇതെന്ന് എനിക്ക് അന്നേ മനസിലായിരുന്നു. ബെംഗളൂരുവിന്‍റെ ഊര്‍ജ്ജവും സംസ്കാരം പ്രതിഫലിക്കുന്ന ഒരു ടീമായിരുന്നു എന്‍റെ ലക്ഷ്യം. ടീമിനെ സ്വന്തമാക്കാനുള്ള ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയ്ക്ക് (600-700 കോടി രൂപ) ആണ് ഞാൻ ആര്‍സിബിയെ വാങ്ങിയത്. ആര്‍സിബിയെ ഒരു ബ്രാന്‍ഡായി വളര്‍ത്തിയെടുക്കുകയായിരുന്നു എന്‍റെ ലക്ഷ്യം.

Scroll to load tweet…

വിരാട് കോലിയെപ്പോലൊരു സൂപ്പര്‍ താരത്തെ കണ്ടെത്താനായതും സ്വന്തമാക്കാനായതുമാണ് എന്‍റെ ഏറ്റവും വലിയ നേട്ടം. ലേലത്തില്‍ കളിക്കാരെ ഞാന്‍ നേരിട്ടാണ് തെരഞ്ഞെടുത്തിരുന്നത്. അന്ന് ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റനയിരുന്ന വിരാട് കോലി ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിയുടെ താരമായിരുന്നു. സ്വാഭാവികമായും കോലി ഡല്‍ഹി ഡെയര്‍ഡെവിള്‍സ്(ഇപ്പോഴത്തെ ഡല്‍ഹി ക്യാപിറ്റൽസ്) ടീമിലേക്ക് പോകുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ കോലിക്ക് പകരം പ്രദീപ് സംഗ്‌‌വാനെയാണ് ലേലത്തില്‍ ഡല്‍ഹി തെരഞ്ഞെടുത്തത്.

അന്നേ ഏറെ പ്രത്യേകതകളുള്ള കളിക്കാരനാണ് കോലിയെന്ന് എനിക്ക് തോന്നിയിരുന്നു. അങ്ങനെയാണ് കോലിയെ ഞാന്‍ ആര്‍സിബിയിലേക്ക് തെരഞ്ഞെടുക്കുന്നത്. ബെംഗളൂരുവിന്‍റെ മുഖമായ രാഹുല്‍ ദ്രാവിഡിനെ സ്വാഭാവികമായും ടീമിന്‍റെ ഐക്കണ്‍ താരമാക്കി. ജാക് കാലിസ്, അനില്‍ കുംബ്ലെ, സഹീര്‍ ഖാന്‍ അങ്ങനെ വിദേശ താരങ്ങളുടെയും ഇന്ത്യൻ താരങ്ങളുടെയും ഒരു സംഘമായിരുന്നു ആദ്യ സീസണുകളില്‍ ആര്‍സിബിക്കായി കളിച്ചിരുന്നത്. ഐപിഎല്‍ കീരിടം നേടുക എന്നതായിരുന്നു ടീമിന്‍റെ ലക്ഷ്യം.

ഐപിഎല്‍ മത്സരങ്ങളില്‍ ചീയര്‍ ലീഡര്‍മാരെ കൊണ്ടുവന്നതും സെലിബ്രിറ്റികളെ ഉള്‍പ്പെടുത്തി ലേറ്റ് നൈറ്റ് പാര്‍ട്ടികൾ നടത്തിയതുമെല്ലാം ബ്രാന്‍ഡ് ബില്‍ഡിംഗിന്‍റെ ഭാഗമായിരുന്നു. യുനൈറ്റഡ് ബ്രുവറീസിന്‍റെ മദ്യ ബ്രാന്‍ഡുകളായ കിംഗ്ഫിഷറും റോയല്‍ ചലഞ്ചുമായിരുന്നു ടീമിന്‍റെ പ്രധാന സ്പോൺസര്‍മാര്‍. അതുകൊണ്ട് തന്നെ ഓരോ മത്സരവും ആഘോഷമാക്കുകയായിരുന്നു ഞങ്ങൾ ചെയ്തത്. ആളുകള്‍ അതിനെ വിമര്‍ശിച്ചെങ്കിലും അതൊക്കെ ബോധപൂര്‍വം ചെയ്തതായിരുന്നു. ഐപിഎല്ലോടെ ബെംഗളൂരു നഗരത്തിന്‍റെ ഹൃദയതാളമായി ആര്‍സിബി മാറി.

സത്യം പറഞ്ഞാല്‍ ക്രിക്കറ്റിനോടുള്ള സ്നേഹം മൂത്തല്ല ഞാന്‍ ആര്‍സിബിയെ വാങ്ങിയത്. എന്‍റെ ഉടമസ്ഥതയിലുള്ള മദ്യ ബ്രാൻഡായ റോയല്‍ ചലഞ്ച് വിസ്കിയുടെ പ്രമോഷനായിരുന്നു പ്രധാന ലക്ഷ്യം. അല്ലാതെ ക്രിക്കറ്റിനോടുള്ള സ്നേഹമൊന്നുമായിരുന്നില്ലെന്നും വിജയ് മല്യ പറഞ്ഞു. ആര്‍സിബി ടീം ഉടമയായിരുന്നെങ്കില്‍ ഏതൊക്കെ കളിക്കാരെ സ്വന്തമാക്കാനാവും ഇപ്പോൾ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരുടെ പേരുകളാണ് മല്യ പറഞ്ഞത്.

9000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്ല്യ ഇപ്പോള്‍ ഇംഗ്ലണ്ടിലാണുള്ളത്. ഇംഗ്ലണ്ടില്‍ വിചാരണ നടപടികള്‍ നേരിടുന്ന മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അപേക്ഷയില്‍ ബ്രിട്ടീഷ് കോടതി ഇതുവരെ അനുകൂല തീരുമാനമെടുത്തിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക