മൊഹാലി: അടുത്തിടെയാണ് വിക്രം റാത്തോര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായി ചുമതലയേറ്റത്. ടീമിനൊപ്പമുണ്ടായിരുന്ന സഞ്ജയ് ബംഗാറിന്റെ കാലാവധി അവസാനിച്ചതോടെയായിരുന്നു റാത്തോറിന്റെ നിയമനം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പര്യടനത്തിന് മുമ്പ് അദ്ദേഹം ടീമിനൊപ്പം ചേര്‍ന്നിരുന്നു. ടീമിനൊപ്പം ചേര്‍ന്നതിന് ശേഷമുള്ള ആദ്യ പ്രതികരണം അറിയിച്ചിരിക്കുകയാണ് റാത്തോര്‍. 

ഋഷഭ് പന്ത് അടക്കമുള്ള താരങ്ങളില്‍ നിന്ന് ഉത്തരവാദിത്തത്തോടെയുള്ള പ്രകടനമാണ് ടീം പ്രതീക്ഷിക്കുന്നതെന്ന് റാത്തോര്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''ടീമിന്റെ ഇനിയുള്ള തീരുമാനങ്ങളെല്ലാം ടി20 ലോകകപ്പ് മുന്നില്‍ കണ്ടായിരിക്കും. ലോകകപ്പ് ടീമില്‍ ഇടം നേടണമെങ്കില്‍ ഉത്തരവാദിത്തങ്ങള്‍ മറക്കരുത്. പന്ത് പ്രതിഭയുള്ള താരമാണ്. ഭയപ്പെടാതെ കളിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അതൊരിക്കലും അലക്ഷ്യമായിരിത്. ഉത്തരവാദിത്തത്തോടെയുള്ള പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. 

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തകര്‍ത്തടിക്കുന്ന രോഹിത്തിന് ടെസ്റ്റ് ക്രിക്കറ്റിലും അപകടകാരിയായ ഓപ്പണര്‍ ആകാന്‍ കഴിയും. യുവതാരങ്ങളെ സംബന്ധിച്ചിടത്തോളം കടുത്ത പരീക്ഷണങ്ങളാണ് വരാനിരിക്കുന്നത്.'' റാത്തോര്‍ ഓര്‍മിപ്പിച്ചു. 50കാരനായ റാത്തോര്‍ ആറ് ടെസ്റ്റിലും ഏഴ് ഏകദിനത്തിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.