ടി20 ഫോര്‍മാറ്റില്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്തുന്നതിനാണ് പ്രാധാന്യം. അതുകൊണ്ടുതന്നെ ബാറ്റ്‌സ്മാന്‍ ക്രീസില്‍ ദീര്‍ഘനേരം നില്‍ക്കാന്‍ അവസരം ലഭിക്കാറില്ല.

അഹമ്മദാബാദ്: ടി20 ബാറ്റ്‌സ്മാന്റെ കഴിവ് അളക്കുമ്പോള്‍ പലരും മാനദണ്ഡമായി എടുക്കുന്നത് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റാണ്. എന്നാല്‍ മറ്റ് രണ്ട് ഫോര്‍മാറ്റുകളിലും ശരാശരി ഒരു ഘടകമായി അളക്കാറുണ്ട്. ടി20 ഫോര്‍മാറ്റില്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്തുന്നതിനാണ് പ്രാധാന്യം. അതുകൊണ്ടുതന്നെ ബാറ്റ്‌സ്മാന്‍ ക്രീസില്‍ ദീര്‍ഘനേരം നില്‍ക്കാന്‍ അവസരം ലഭിക്കാറില്ല. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. ശരാശരി നോക്കിയാലും സ്‌ട്രൈക്കറ്റ് റേറ്റ് പരിശോധിച്ചാലും കോലിക്ക് മറ്റുതാരങ്ങള്‍ക്കിടയില്‍ പ്രത്യേക സ്ഥാനമുണ്ട്. 

മൂന്ന് ഫോര്‍മാറ്റിലും 50ല്‍ കൂടുതല്‍ ശരാശരിയുള്ള ഏക താരമാണ് കോലി. ചെറിയ ഫോര്‍മാറ്റില്‍ ഒരു സെഞ്ചുറി പോലും നേടിയില്ലെങ്കിലും അദ്ദേഹത്തിന്റെ സ്ഥിരത അപാരമാണ്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും കോലി തന്നെ. ഇന്ത്യയുടെ ഓപ്പണര്‍ രോഹിത് ശര്‍മയാണ് തൊട്ടുപിന്നിലുള്ളത്. ടി20 മത്സരങ്ങളില്‍ സെഞ്ചുറി ഇല്ലെങ്കിലും 25 അര്‍ധ സെഞ്ചുറികള്‍ അദ്ദേഹം നേടിയിട്ടുണ്ട്. പുറത്താവാതെ നേടിയ 94 റണ്‍സാണ് കോലിയുടെ ഉയര്‍ന്ന സ്‌കോര്‍. 

നാളെ ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20 മത്സരത്തിനിറങ്ങുമ്പോള്‍ മറ്റൊരു റെക്കോഡിനരികെയാണ് കോലി. ടി20 കരിയറില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ കോലിക്ക് ഇനി 72 റണ്‍സ് കൂടി മതി. നിലവില്‍ 2928 റണ്‍സാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. ടി20 ക്രിക്കറ്റില്‍ 3000 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോഡാണ് കോലിയെ കാത്തിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള രോഹിത് ശര്‍മയ്ക്ക് 2773 റണ്‍സാണുള്ളത്. 3000 പൂര്‍ത്തിയാക്കാന്‍ 227 റണ്‍സാണ് രോഹിത്തിന് വേണ്ടത്. ഇപ്പോഴത്തെ ഫോമില്‍ രോഹിത് ആദ്യം മാന്ത്രിക സഖ്യയിലെത്തിയാലും അത്ഭുതപ്പെടാനില്ല. 

നാളെ ആരംഭിക്കുന്ന ടി20 പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്. ശേഷം ഏകദിന പരമ്പരയിലും ഇരുവരും കളിക്കും. നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കിയിരുന്നു.