ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡ്രസിംഗ് റൂം രഹസ്യം വെളിപ്പെടുത്തി നായകന്‍ വിരാട് കോലി. വളരെ സൗഹാര്‍ദമായ ഡ്രസിംഗ് റൂമാണ് ടീമിന്‍റേതെന്നും എല്ലാ താരങ്ങള്‍ക്കും തുല്യപരിഗണനയാണ് നല്‍കുന്നതെന്നും അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോലി വ്യക്തമാക്കി. 

'ആളുകള്‍ക്ക് കരുത്തുപകരുന്നതില്‍ താന്‍ വിശ്വസിക്കുന്നു. അവര്‍ക്കെല്ലാം അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള അവസരം കൊടുക്കുന്നതിലും വിശ്വസിക്കുന്നു. താരങ്ങളെ ഭയപ്പെടുത്തുന്ന സാഹചര്യം ഇപ്പോള്‍ ഡ്രസിംഗ് റൂമിലില്ല. കുല്‍ദീപ് യാദവും എം എസ് ധോണിയുമായി ഒരേ സൗഹൃദമാണ് സൂക്ഷിക്കുന്നത്. ടീമിലെ ആര്‍ക്കും ആരോടും എന്തും തുറന്നുപറയാനുള്ള സാഹചര്യമാണ് നിലവിലുള്ളത്' എന്നും കോലി പറഞ്ഞു. 

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി വെസ്റ്റ് ഇന്‍ഡീസുമായി കളിക്കുന്ന പരമ്പരയുടെ ആകാംക്ഷയും കോലി പങ്കുവെച്ചു. 'വലിയ ആകാംക്ഷയിലാണ്, ടെസ്റ്റ് ക്രിക്കറ്റില്‍ കൃത്യമായ സമയത്താണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. വിദേശ പര്യടനം കൂടിയായതിനാല്‍ പരമ്പരയുടെ പ്രാധാന്യം കൂടുന്നതായും' കോലി കൂട്ടിച്ചേര്‍ത്തു. വെസ്റ്റ് ഇന്‍ഡീസുമായി രണ്ട് ടെസ്റ്റുകള്‍ക്ക് പുറമെ മൂന്ന് വീതം ടി20കളും ഏകദിനങ്ങളും ടീം ഇന്ത്യ കളിക്കും.