മൂന്ന് വര്‍ഷം മുമ്പ് 2021ലാണ് രോഹിത്തും കോലിയും ടി20യില്‍ ഇന്ത്യക്ക് വേണ്ടി അവസാനമായി ഇന്നിംഗ്സ്  ഓപ്പണ്‍ ചെയ്തത്.

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ബുധനാഴ്ച ഇന്ത്യ അയര്‍ലന്‍ഡിനെ നേരിടാനിറങ്ങുമ്പോള്‍ രോഹിത് ശര്‍മക്കൊപ്പം ആരാകും ഇന്ത്യക്കായി ഓപ്പണറായി ഇറങ്ങുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ലോകകപ്പിന് മുമ്പ് ബംഗ്ലാദേശിനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണാണ് രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്തത്. എന്നാല്‍ വിരാട് കോലി തിരിച്ചെത്തിയാല്‍ രോഹിത്തും കോലിയും ഓപ്പണറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐപിഎല്ലില്‍ നിറം മങ്ങിയ യശസ്വി ജയ്സ്വാള്‍ ഓപ്പണറായി ടീമിലുണ്ടെങ്കിലും ഐപിഎല്ലില്‍ ഓപ്പണറായി ഇറങ്ങി റണ്‍വേട്ടയില്‍ ഒന്നാമത് എത്തിയ കോലി തന്നെ ലോകകപ്പിലും ഓപ്പണറാകട്ടെ എന്നാണ് ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന്‍റെ നിലപാടെന്നാണ് സന്നാഹ മത്സരം സൂചിപ്പിക്കുന്നത്. കോലി ഓപ്പണറായി ഇറങ്ങിയാല്‍ യശസ്വി പ്ലേയിംഗ ഇലവനില്‍ നിന്ന് പുറത്താവും. മൂന്നാം നമ്പറില്‍ സഞ്ജു സാംസണ് സാധ്യത തെളിയുകയും ചെയ്യും. ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മയും വിരാട് കോലിയും അവസാനമായി ഓപ്പണര്‍മാരായി ഇറങ്ങിയ മത്സരത്തിലെ പ്രകടം എങ്ങനെയായിരുന്നുവെന്ന് നോക്കുന്നത് കൗതുകകരമായിരിക്കും.

അവനെ എന്തായാലും പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണം, കാരണം, രോഹിത്തും കോലിയും സൂര്യയുമെന്ന് ഇര്‍ഫാന്‍ പത്താന്‍

മൂന്ന് വര്‍ഷം മുമ്പ് 2021ലാണ് രോഹിത്തും കോലിയും ടി20യില്‍ ഇന്ത്യക്ക് വേണ്ടി അവസാനമായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലായിരുന്നു അത്. കൊവിഡ് പശ്ചാത്തലത്തില്‍ നടന്ന മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു നടന്നത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയ കോലിയും രോഹിത്തും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ അടിച്ചുകൂട്ടിയത് 9 ഓവറില്‍ 94 റണ്‍സായിരുന്നു.

ക്യാപറ്റനായിരുന്ന കോലി ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും ക്രിസ് ജോര്‍ദ്ദാനും സാം കറനും ആദില്‍ റഷീദുമെല്ലാം അടങ്ങിയ ബൗളിംഗ് നിരക്കെതിരെ തകര്‍ത്തടിച്ച് 52 പന്തില്‍ 80 റണ്‍സെടുത്തപ്പോള്‍ രോഹിത്തിന് ആയിരുന്നു കൂടുതല്‍ പ്രഹരശേഷി. 34 പന്തില്‍ 188.23 സ്ട്രൈക്ക് റേറ്റില്‍ 64 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. തുടക്കത്തില്‍ തകര്‍ത്തടിച്ച രോഹിത്താണ് അന്ന് പവര്‍പ്ലേയില്‍ ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സടിച്ചപ്പോള്‍ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെ നേടാനായിരുന്നുള്ളു. 36 റണ്‍സിന് മത്സരം ജയിച്ച ഇന്ത്യ അഞ്ച് മത്സര പരമ്പര 3-2ന് സ്വന്തമാക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക