Asianet News MalayalamAsianet News Malayalam

ഐപിഎല്ലില്‍ മറ്റൊരു താരത്തിനും എത്തിപ്പിടിക്കാനാവാത്ത റെക്കോർ‍‍ഡുമായി കോലി, രാജസ്ഥാനായി റെക്കോർഡിട്ട് ചാഹല്‍

റണ്‍വേട്ടയില്‍ 6769 റൺസെടുത്ത ശിഖർ ധവാൻ ആണ് കോലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്. 6628 റൺസെടുത്ത രോഹിത് ശർമ്മ റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തുണ്ട്.

Virat Kohli becomes first batter to reach 8,000 runs in IPL history, Yuzvendra Chahal creates Unique record for RR
Author
First Published May 23, 2024, 3:12 PM IST

അഹമ്മദാബാദ്: ഐപിഎല്ലിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരു താരം വിരാട് കോലി. ഐപിഎല്ലിൽ 8000 റൺസ് നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോർഡാണ് വിരാട് കോലി ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ സ്വന്തമാക്കിയത്. ഇന്നലെ 29 റൺസെടുത്തപ്പോഴാണ് കോലി ഐപിഎല്ലില്‍ 8000 റൺസ് പൂർത്തിയാക്കിയത്. 224-ാം ഇന്നിംഗ്സിലാണ് കോലിയുടെ നേട്ടം. ഐപിഎല്ലില്‍ എട്ട് സെഞ്ച്വറിയും 55 അർധസെഞ്ച്വറിയും അടക്കമാണ് 35കാരനായ കോലി 8000 റൺസിലെത്തിയത്.

റണ്‍വേട്ടയില്‍ 6769 റൺസെടുത്ത ശിഖർ ധവാൻ ആണ് കോലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്. 6628 റൺസെടുത്ത രോഹിത് ശർമ്മ റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തുണ്ട്. ഈ സീസണിൽ 15 കളിയിൽ 741 റൺസാണ് കോലിയുടെ സമ്പാദ്യം. ഒരു സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറിയും ഉൾപ്പടെയാണിത്. 62 ഫോറും 38 സിക്സുമാണ് കോലി ഈസീസണിൽ നേടിയത്.  2016ല്‍ നേടിയ 973 റണ്‍സാണ് കോലിയുടെ ഒരു സീസണിലെ മികച്ച പ്രകടനം. ഈ സീസണില്‍ ബെംഗലൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 3000 റണ്‍സ് തികക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡും കോലി സ്വന്തമാക്കിയിരുന്നു.

'ചെന്നൈയെ വീഴ്ത്തിയതുകൊണ്ട് മാത്രം കിരീടം നേടാനാവില്ല', തോൽവിക്ക് പിന്നാലെ ആർസിബിയെ പരിഹസിച്ച് അംബാട്ടി റായുഡു

വിരാട് കോലിക്കൊപ്പം രാജസ്ഥാൻ താരം യുസ്‍വേന്ദ്ര ചാഹലും മത്സരത്തിൽ മറ്റൊരു റെക്കോർഡ് സ്വന്തമാക്കി. രാജസ്ഥാൻ റോയൽസിനായി ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡാണ് ചാഹൽ സ്വന്താമാക്കിയത്. 66 വിക്കറ്റുമായാണ് ചഹൽ രാജസ്ഥാന്‍റെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായത്. 65 വിക്കറ്റ് നേടിയിട്ടുള്ള സിദ്ധാർഥ് ത്രിവേദിയെ ആണ് ചാഹല്‍ മറികടന്നത്. ഐപിഎല്‍ കരിയറിലാദ്യമായി വിരാട് കോലിയെ പുറത്താക്കിയാണ് ചാഹലിന്‍റെ നേട്ടം.ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരവും ചാഹലാണ്. 159 കളിയിൽ 205 വിക്കറ്റാണ് ചാഹലിന്റെ സമ്പാദ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios