ലണ്ടന്‍: സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്നെയാണെന്ന് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍. പക്ഷെ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സ്റ്റീവ് സ്മിത്തിന്റെ പ്രകടനം വേറെ ലെവലാണെന്നും ലാംഗര്‍ പറഞ്ഞു. ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കിടെയായിരുന്നു കോലിയെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് ലാംഗര്‍ വിശേഷിപ്പിച്ചത്.

തന്റെ മുന്‍നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്ന് ലാംഗര്‍ പറഞ്ഞു. എന്നാല്‍ ആഷസില്‍ സ്മിത്ത് പുറത്തെടുത്ത പ്രകടനത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. സമ്മര്‍ദ്ദത്തെ സ്മിത്ത് നേടിയ സെഞ്ചുറിയും ധീരതയും ശ്രദ്ധയും, സ്റ്റാമിനയും എല്ലാം കണക്കിലെടുത്താല്‍ സ്മിത്ത് എക്കാലത്തെയും മികച്ച കളിക്കാരുടെ ഗണത്തില്‍പ്പെടും.

ടെസ്റ്റില്‍ 60-ന് മുകളില്‍ ബാറ്റിംഗ് ശരാശരിയുള്ള സ്മിത്ത് നെറ്റ്സില്‍ ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ഒരു ബൗളര്‍ക്കും പറ്റാറില്ല. നിങ്ങള്‍ എത്ര പന്തെറിഞ്ഞാലും സ്മിത്ത് അതെല്ലാം ഫലപ്രദമായി നേരിടും. ഇംഗ്ലണ്ട് സ്മിത്തിനെ പുറത്താക്കാന്‍ എന്ത് തന്ത്രമാണ് ആലോചിക്കുന്നത് എന്ന് അറിയില്ലെന്നും ലാംഗര്‍ പറഞ്ഞു. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയക്കായി രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ സ്മിത്താണ് ഓസീസിന്റെ വിജയശില്‍പി.