മുംബൈ: നൂറ് സെഞ്ചുറികളെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മറികടക്കില്ലെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. പരിക്കുകള്‍ കോലിക്ക് തിരിച്ചടിയാവാന്‍ സാധ്യതയുണ്ടെന്നാണ് പീറ്റേഴ്‌സണ്‍ പറയുന്ന കാരണം. നിലവില്‍ 70 സെഞ്ചുറികള്‍ കോലിയുടെ പേരിലുണ്ട്. സച്ചിന്റെ റെക്കോഡുകളെല്ലാം കോലി തകര്‍ക്കുമെന്ന് ക്രിക്കറ്റ് ലോകം ചിന്തിക്കുന്നതിനിടെയാണ് പീറ്റേഴ്‌സണിന്റെ വാക്കുകള്‍.

സച്ചിന്റെ റെക്കോഡിനൊപ്പം കോലിയെത്തുമോയെന്നത് എത്രകാലം അദ്ദേഹം കളിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുമെന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''30 സെഞ്ചുറികള്‍ കൂടി നേടി കോലിക്ക് സച്ചിനൊപ്പമെത്താന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കോലിയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ദൈര്‍ഘ്യമേറിയതായിരുന്നു സച്ചിന്റെ കരിയര്‍. സച്ചിന്‍ 24 വര്‍ഷം ക്രിക്കറ്റ് കളിച്ചു. കോലി ഇപ്പോള്‍ 12 വര്‍ഷം ആയിട്ടുള്ളൂ. പ്രായം 31 ആയി. ദീര്‍ഘകാലം കളിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. കോലിക്ക് പരിക്കുകള്‍ തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്.

കോലി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കു വേണ്ടി കളിക്കുന്നു. ഐപിഎല്ലിന്റെയും ഭാഗമാണ്. സച്ചിന്‍ ഏകദിനം, ടെസ്റ്റ് എന്നിവയിലാണ് കൂടുതല്‍ കളിച്ചത്. ഇത്രയേറെ മത്സരങ്ങള്‍ കളിക്കുന്നത് കോലിക്ക് വിനയാകും. കോലിയെപ്പോലെ വൈകാരികമായി പ്രതികരിക്കുകയും അഗ്രസീവായി പെരുമാറുകയും ചെയ്തിരുന്നയാളല്ല സച്ചിന്‍. വളരെ കൂളായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍. ഇതും കരിയര്‍ ദീര്‍ഘിപ്പിക്കാന്‍ സച്ചിന്‍ സഹായിച്ചിട്ടുണ്ട്.'' പീറ്റേഴ്‌സണ്‍ പറഞ്ഞുനിര്‍ത്തി.