കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി തിളങ്ങിയത് രണ്ട് പേസ് ബൗളര്‍മാരായിരുന്നു. പന്ത് കൊണ്ട് ജസ്പ്രീത് ബുമ്രയും ബാറ്റ് കൊണ്ട് ഇഷാന്ത് ശര്‍മയും. വാലറ്റത്ത് എന്നും പ്രതിരോധിച്ച് നിന്നിട്ടുള്ള ഇഷാന്ത് ഇന്നലെ ടെസ്റ്റില്‍ തന്റെ ആദ്യ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. അത് 125 ഇന്നിംഗ്സുകള്‍ക്കൊടുവില്‍.

ആദ്യ ഫിഫ്റ്റിക്കായി 130 ഇന്നിംഗ്സുകള്‍ കളിച്ച ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സന്റെ റെക്കോര്‍ഡ് ഇഷാന്തിന്റെ പേരിലാവില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ഇഷാന്തിന്റെ ആദ്യ ഫിഫ്റ്റി ഡ്രസ്സിംഗ് റൂമില്‍ മതിമറന്ന് ആഘോഷിച്ചത് മറ്റാരുമല്ല, ക്യാപ്റ്റന്‍ വിരാട് കോലിയായിരുന്നു.

ഫിഫ്റ്റി അടിച്ചശേഷം ഡ്രസ്സിംഗ് റൂമിലേക്ക് നോക്കി ബാറ്റുയര്‍ത്തി കാട്ടിയ ഇഷാന്തിനെ കൈയടിച്ച് അഭിനന്ദിച്ചതിനൊപ്പം കോലിക്ക് ചിരി അടക്കാനുമായില്ല. ഹനുമാ വിഹാരിക്കൊപ്പം മികച്ച കൂട്ടുകെട്ടുയര്‍ത്തിയ ഇഷാന്താണ് ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍ ഉറപ്പാക്കിയത്.