ഐപിഎല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് വിരാട് കോലി സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തിലാണ് കൊല്‍ക്കത്തയ്‌ക്കെതിരെ രോഹിത് ശര്‍മ്മ സ്ഥാപിച്ച റെക്കോര്‍ഡ് കോലി മറികടന്നത്. 

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോലി. ഐ പി എല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണിപ്പോള്‍ കോലി. ചെന്നൈയ്‌ക്കെതിരെ മുപ്പത്തിയാറാം മത്സരത്തിന് ഇറങ്ങിയ കോലിക്ക് ആകെ 1174 റണ്‍സായി. 18 പന്തില്‍ 28 റണ്‍സാണ് കോലി മത്സരത്തില്‍ നേടിയത്. കൊല്‍ക്കത്തയ്‌ക്കെതിരെ 36 കളിയില്‍ 1161 റണ്‍സ് നേടിയ മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡാണ് കോലി മറികടന്നത്. ചെന്നൈയ്‌ക്കെതിരെ 16 റണ്‍സ് നേടിയപ്പോഴാണ് കോലി, രോഹിത്തിനെ പിന്നിലാക്കിയത്.

Add Asianetnews as a Preferred SourcegooglePreferred

ഐപിഎല്ലില്‍ 8 സെഞ്ചുറികള്‍ കോലിയുടെ പേരിലുണ്ടെങ്കിലും ചെന്നൈക്കെതിരെ ഇതുവരെ മൂന്നക്കം കടക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. സണ്‍റൈസേഴ്‌സിനെതിരായ ആദ്യ മത്സരത്തില്‍ 38 പന്തില്‍ 69 റണ്‍സുമായി കോലി മിന്നും ഫോമിലായിരുന്നു.

അതേസമയം, ചെന്നൈക്കെതിരെ ആര്‍സിബി ജയിക്കുകയും ചെയ്തു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ സണ്‍ഡേ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ചെന്നൈയെ 43 റണ്‍സിന് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം ജയം നേടി. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സടിച്ചപ്പോള്‍ സഞ്ജു ഉള്‍പ്പെടെയുള്ള മുന്‍നിര ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയ മത്സരത്തില്‍ ചെന്നൈക്ക് 19.4 ഓവറില്‍ 207 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 50 റണ്‍സെടുത്ത സര്‍ഫറാസ് ഖാനാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

തോല്‍വിയോടെ ചെന്നൈ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുമ്പോള്‍ രണ്ടാം ജയത്തോടെ ആര്‍സിബി ഒന്നാം സ്ഥാനത്തേക്ക് കയറി. ഐപിഎല്ലില്‍ ആദ്യമായാണ് സീസണിലെ ആദ്യ 3 കളികളും ചെന്നൈ തോല്‍ക്കുന്നത്. സ്‌കോര്‍ ആര്‍സിബി 20 ഓവരില്‍ 250-3, ചെന്നൈ 19.4 ഓവറില്‍ 207 ന് ഓള്‍ ഔട്ട്.

YouTube video player