ലോക ക്രിക്കറ്റിലെ വന്‍ ശക്തിയാണെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ കോലി അങ്ങനെ പെരുമാറരുതായിരുന്നുവെന്ന് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍ പറഞ്ഞു. അമ്പയറുടെ ഒരു സെക്കന്‍ഡിലെ തീരുമാനത്തെ ഇത്തരത്തില്‍ ചോദ്യം ചെയ്തതത് ശരിയായില്ലെന്നും വോണ്‍ പറഞ്ഞു.

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനം ജോ റൂട്ടിനെതിരായ എല്‍ബിഡബ്ല്യു അപ്പീല്‍ നിരസിച്ചതിന് പിന്നാലെ അമ്പയറോട് കയര്‍ത്ത് സംസാരിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ നടപടിയെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് താരങ്ങള്‍. മൂന്നാം ദിനത്തിലെ കളിയുടെ അവസാന ഓവറില്‍ ജോ റൂട്ടിനെതിരായ എല്‍ബിഡബ്ല്യു അപ്പീല്‍ അമ്പയര്‍ നിരസിച്ചിരുന്നു.

തുടര്‍ന്ന് ഇന്ത്യ ഡിആര്‍എസ് എടുത്തു. പന്ത് വിക്കറ്റില്‍ കൊള്ളുമെന്ന് വ്യക്തമായെങ്കിലും ലൈനിന് പുറത്ത് പിച്ച് ചെയ്തതിനാല്‍ നോട്ടൗട്ടാണെന്ന അമ്പയറുടെ തീരുമാനം ഡിആര്‍സിലും മാറിയില്ല. ഇതോടെയാണ് കോലി അമ്പയറുടെ സമീപത്തെത്തി ദേഷ്യത്തോടെ പ്രതികരിച്ചത്.

Scroll to load tweet…

ലോക ക്രിക്കറ്റിലെ വന്‍ ശക്തിയാണെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ കോലി അങ്ങനെ പെരുമാറരുതായിരുന്നുവെന്ന് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍ പറഞ്ഞു. അമ്പയറുടെ ഒരു സെക്കന്‍ഡിലെ തീരുമാനത്തെ ഇത്തരത്തില്‍ ചോദ്യം ചെയ്തതത് ശരിയായില്ലെന്നും വോണ്‍ പറഞ്ഞു.

ഡിആര്‍എസിന് പോണോ എന്ന കാര്യത്തില്‍ അനുവദനീയമായ 15 സെക്കന്‍ഡും കഴിയുന്നതുവരെയും ഇന്ത്യക്ക് ഉറപ്പില്ലായിരുന്നുവെന്ന് മുന്‍ ഇംഗ്ലണ്ട് നായകനായ നാസര്‍ ഹുസൈനും വ്യക്തമാക്കി. അവര്‍ക്ക് ഔട്ടാണെന്ന് അത്രമേല്‍ ഉറപ്പായിരുന്നെങ്കില്‍ ആദ്യമെ ഡിആര്‍എസ് എടുത്തേനെ. എന്തിനാണ് റിവ്യു എടുക്കുന്നത് എന്നതില്‍ പോലും അവര്‍ക്ക് ഉറപ്പില്ലായിരുന്നു. അമ്പയറോട് സംസാരിക്കുമ്പോള്‍ കോലിയുടെ ശരീരഭാഷയും അത്ര ശരിയായിരുന്നില്ലെന്നും നാസര്‍ ഹുസൈന്‍ വ്യക്തമാക്കി.

ക്യാപ്റ്റനെന്ന നിലയില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ട കളിക്കാരനാണ് കോലിയെന്നും ഇത്തരത്തില്‍ കാണികളെ പോലും പ്രകോപിപ്പിക്കുന്ന രീതിയില്‍ സംസാരിച്ചത് ശരിയായില്ലെന്നും മുന്‍ നായകന്‍ ഡേവിഡ് ലോയിഡും പറഞ്ഞു. മാച്ച് റഫറി ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അദ്ദേഹം കുഴപ്പത്തിലായേനെ എന്നും ലോയ്ഡ് വ്യക്തമാക്കി.