ബംഗലൂരു: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ നാലാം നമ്പറില്‍ ബാറ്റിംഗ് ക്രീസിലേക്ക് ഇന്ത്യയുടെ രണ്ട് യുവതാരങ്ങള്‍ ഒരുങ്ങി ഇറങ്ങുന്നത് കണ്ട് ആരാധകര്‍ ഒന്ന് അമ്പരന്ന് കാണും. ഒടുവില്‍ ക്യാപ്റ്റന്‍ കോലിക്കൊപ്പം ഋഷഭ് പന്ത് ചേരുകയും ശ്രേയസ് അയ്യര്‍ ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ചുപോവുകയും ചെയ്തു.

ശിഖര്‍ ധവാന്‍ പുറത്തായതിന് പിന്നാലെ ഋഷഭ് പന്ത് ഡഗ്ഗൗട്ടില്‍ നിന്ന് ഗ്രൗണ്ടിലേക്ക് എത്തിയപ്പോള്‍ സൈറ്റ് സ്ക്രീനിന് പുറകില്‍ നിന്നാണ് ശ്രേയസ്സ് അയ്യര്‍ ഗ്രൗണ്ടിലേക്ക് വന്നത്. രണ്ട് പേരും പരസ്പരം കാണുമ്പോള്‍ മാത്രമാണ് ഇരുവരും ഒരുമിച്ച് ക്രിസിലേക്ക് പോവുന്നതിനെക്കുറിച്ച് അറിയുന്നത്. എന്നാല്‍ മത്സരശേഷം ഇതിന് പിന്നിലെ കാരണം കോലി വ്യക്തമാക്കി. ഇത് വെറും ആശയക്കുഴപ്പം മൂലമായിരുന്നുവെന്ന് കോലി പറ‌ഞ്ഞു.

മത്സരത്തിന് മുമ്പ് ബാറ്റിംഗ് കോച്ച് വിക്രം റാഥോഡ് ഇരുവരോടും സംസാരിക്കുകയും മത്സരത്തിന്റെ ഏത് സാഹചര്യത്തിലാണ് ഇരുവരും ബാറ്റിംഗ് ഓര്‍ഡറില്‍ വരേണ്ടതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. പത്തോവറിനു ശേഷം വിക്കറ്റ് വീഴുകയാണെങ്കില്‍ ഋഷഭ് പന്തും അതിന് മുമ്പ് വീഴുകയാണെങ്കില്‍ ശ്രേയസ്സ് അയ്യരും ഇറങ്ങണമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. ഇതില്‍ ആശയക്കുഴപ്പം വന്നതാണ് രണ്ടുപേര്‍ ഒരുമിച്ച് ഇറങ്ങാനുള്ള സാഹചര്യം സൃഷ്ടിച്ചതെന്നും കോലി പറഞ്ഞു.

മത്സരത്തിന്റെ എട്ടാം ഓവറിലാണ് ശിഖര്‍ ധവാന്‍ പുറത്തായത്. ആശയക്കുഴപ്പത്തിനൊടുവില്‍ ക്രീസിലേക്ക് എത്തിയ ഋഷഭ് പന്ത് കോലിക്കൊപ്പം ബാറ്റിംഗ് തുടര്‍ന്നു. മത്സരത്തില്‍ പന്തിനും അയ്യര്‍ക്കും ബാറ്റിംഗില്‍ തിളങ്ങാനുമായില്ല. പന്ത് 20 പന്തില്‍ 19 റണ്‍സും അയ്യര്‍ 8 പന്തില്‍ 5 റണ്‍സും നേടി മടങ്ങി.