മത്സരത്തിനിടെ വിരാട് കോലി 'ഫേക്ക് ഫീല്‍ഡിംഗ്' നടത്തിയിട്ടും അതിന് പെനാല്‍റ്റി വിധിക്കാതിരുന്നതിനെതിരെ ബംഗ്ലാദേശി താരം നുറുല്‍ ഹസന്‍ രംഗത്ത് വന്നു. വിരാട് കോലിയുടെ പ്രവര്‍ത്തിക്ക് പെനാല്‍റ്റിയായി അഞ്ച് റണ്‍സ് വിധിച്ചിരുന്നെങ്കില്‍ കളിയുടെ ഫലം തന്നെ മാറിമറിഞ്ഞേനെയെന്ന് നുറുല്‍ പറഞ്ഞു.

അഡ്‍ലെയ്ഡ്: ട്വന്‍റി 20 ലോകകപ്പില്‍ അവസാന പന്ത് വരെ നീണ്ട ആവേശപ്പോരില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ വിജയം നേടിയെങ്കിലും മത്സരശേഷമുള്ള വിവാദങ്ങള്‍ മുറുകുന്നു. മഴ വില്ലനായെത്തിയ മത്സരത്തില്‍ അഞ്ച് റണ്‍സിന്‍റെ നിര്‍ണായകമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇരുടീമുകളും മികച്ച പോരാട്ടം തന്നെ അഡ്‍ലെയ്ഡില്‍ നടത്തിയപ്പോള്‍ ബൗളര്‍മാരുടെ ഗംഭീരമായ പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. എന്നാല്‍, മത്സരശേഷം വലിയ വിവാദങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്.

മത്സരത്തിനിടെ വിരാട് കോലി 'ഫേക്ക് ഫീല്‍ഡിംഗ്' നടത്തിയിട്ടും അതിന് പെനാല്‍റ്റി വിധിക്കാതിരുന്നതിനെതിരെ ബംഗ്ലാദേശി താരം നുറുല്‍ ഹസന്‍ രംഗത്ത് വന്നു. വിരാട് കോലിയുടെ പ്രവര്‍ത്തിക്ക് പെനാല്‍റ്റിയായി അഞ്ച് റണ്‍സ് വിധിച്ചിരുന്നെങ്കില്‍ കളിയുടെ ഫലം തന്നെ മാറിമറിഞ്ഞേനെയെന്ന് നുറുല്‍ പറഞ്ഞു.

'തീർച്ചയായും മൈതാനം നനഞ്ഞിരുന്നു, അത് പ്രശ്നങ്ങളുണ്ടാക്കിയെന്ന് എല്ലാവരും കണ്ടു. പക്ഷേ, ഒരു ഫേക്ക് ത്രോ എറിഞ്ഞതിനെ കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. അതിന് അഞ്ച് റണ്‍സ് പെനാല്‍റ്റി വിധിക്കാമായിരുന്നു. എങ്കില്‍ മത്സരം മറ്റൊരു തരത്തില്‍ മാറിയേനെ. നിർഭാഗ്യവശാൽ അത് ലഭിച്ചില്ലെന്ന്' നുറുല്‍ ഹസന്‍ പറഞ്ഞു.

മഴ മത്സരം തടസപ്പെടുത്തുന്നതിന് മുമ്പാണ് നുറുല്‍ പറഞ്ഞ സംഭവം നടന്നത്. അക്സര്‍ പട്ടേല്‍ എറിഞ്ഞ ഏഴാം ഓവറിലെ രണ്ടാം പന്ത് ഓഫ്സൈഡിലേക്ക് കളിച്ച ലിറ്റണ്‍ ദാസ് രണ്ടാമത്തെ റണ്ണിനായി ഓടി. അര്‍ഷ്‍ദീപ് സിംഗ് വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിലേക്കാണ് പന്ത് ത്രോ ചെയ്തത്. ദിനേശ് കാര്‍ത്തിക്കിന് മുന്നില്‍ കുറച്ച് മീറ്ററുകള്‍ ദൂരെ നിന്ന കോലി പന്ത് പിടിച്ച് ത്രോ ചെയ്യുന്നതായി ആംഗ്യം കാണിക്കുകയായിരുന്നു. എന്നാല്‍, പന്ത് കോലിയുടെ സമീപത്ത് പോലും ഉണ്ടായിരുന്നില്ല.

Scroll to load tweet…

ഐസിസി നിയമപ്രകാരം (41.5) മനപ്പൂർവ്വം ശ്രദ്ധ വ്യതിചലിപ്പിക്കൽ, ബാറ്റര്‍ക്ക് തടസമുണ്ടാക്കല്‍ തുടങ്ങിയ അന്യായമായ കാര്യങ്ങളില്‍ ഫീൽഡിംഗ് സൈഡ് കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അഞ്ച് റണ്‍സ് പെനാല്‍റ്റി വിധിക്കാനാകും. എന്നാൽ ഈ സംഭവത്തില്‍ അമ്പയര്‍ തെറ്റൊന്നും കണ്ടില്ല. സാമൂഹ്യ മാധ്യമങ്ങളിലും വിരാട് കോലിയുടെ 'ഫേക്ക് ഫീല്‍ഡിംഗ്' വീഡിയോ പങ്കുവെച്ച് കൊണ്ട് നിരവധി പേര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. 

അന്ന് അനുജന്‍മാരെ ചീത്ത വിളിച്ചു; ഇന്നലെ ഷൊറിഫുളിന് ചേട്ടന്‍മാരുടെ വക തല്ലുമാല; സ്മരണ വേണമെന്ന് ആരാധകര്‍