സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇടംകൈയന്‍ പേസര്‍ ടി. നടരാജനെ പ്രശംസിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് സ്‌ക്വാഡില്‍ നടരാജനുണ്ടാകും എന്ന സൂചന നല്‍കി സിഡ്നിയിലെ അവസാന ടി20ക്ക് ശേഷം കോലി. 

'സമ്മര്‍ദത്തിനിടയിലും മികച്ച നിലയില്‍ നടരാജന്‍ പന്തെറിഞ്ഞു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ആദ്യമായി കളിക്കുമ്പോഴാണ് ഈ മികവ് എന്നത് ശ്രദ്ധിക്കണം. കഠിന പരിശ്രമം നടത്തുന്ന മികച്ച താരമാണ് നടരാജന്‍. നടരാജന് എല്ലാം ആശംസകളും നേരുകയാണ്. ഒരു ഇടംകൈയന്‍ പേസര്‍ ടീമിലുള്ളത് എപ്പോഴും അനുകൂല ഘടകമാണ്. സ്ഥിര പുലര്‍ത്താന്‍ കഴിഞ്ഞാല്‍ അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കേ ടീം ഇന്ത്യക്ക് നടരാജന്‍ മുതല്‍ക്കൂട്ടാകും' എന്നും കോലി വ്യക്തമാക്കി. 

പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ടി20 പരമ്പരയില്‍ നടരാജന്‍ വിസ്‌മയ പ്രകടനം കാഴ്‌ചവെച്ചതായി മാന്‍ ഓഫ് ദ് സീരീസായി തെരഞ്ഞെടുക്കപ്പെട്ട ഹര്‍ദിക് പാണ്ഡ്യ ട്വിറ്ററില്‍ കുറിച്ചിരുന്നു. നടരാജനാണ് മാന്‍ ഓഫ് ദ് സീരീസിന് അര്‍ഹന്‍ എന്നും പാണ്ഡ്യ പറഞ്ഞു. 

ഐപിഎല്ലില്‍ ഇക്കുറി 16 വിക്കറ്റ് നേടിയാണ് നടരാജന്‍ ഓസ്‌ട്രേലിയയിലേക്ക് നെറ്റ് ബൗളറായി ഇന്ത്യന്‍ ടീമിനൊപ്പം പറന്നത്. എന്നാല്‍ അപ്രതീക്ഷിതമായി പ്ലേയിംഗ് ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ അവസരത്തിനൊത്തുയര്‍ന്ന താരം മൂന്ന് മത്സരങ്ങളിലെ 12 ഓവറുകളില്‍ നിന്നാകെ 83 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്‌ത്തി. രണ്ടാം ടി20യില്‍ 30 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. 

ചരിത്രത്തിലെ രണ്ടാമത്തെ മാത്രം നായകന്‍! ഓസ്‌ട്രേലിയയില്‍ വിസ്‌മയ നേട്ടത്തില്‍ കോലി