ദില്ലി: വിസ്‌ഡണിന്‍റെ ഈ ദശാബ്‌ദത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് വിരാട് കോലി. ഓസീസ് സ്റ്റാര്‍ സ്റ്റീവ് സ്‌മിത്ത്, ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എ ബി ഡിവില്ലിയേഴ്‌സ്, ഡെയ്‌ല്‍ സ്റ്റെയ്‌ന്‍ എന്നിവരും ഏക വനിതാ താരമായി എല്ലിസി പെറിയുമാണ് പട്ടികയില്‍ ഇടംപിടിച്ചത്. 

കോലിയുടെ പ്രതിഭ അനുനിമിഷം വര്‍ധിക്കുകയും 2014ലെ ഇംഗ്ലണ്ട് പര്യടനത്തിന്‍റെ അവസാനവും ബംഗ്ലാദേശിനെതിരെ നവംബറില്‍ കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ടെസ്റ്റിനും ഇടയിലായി 21 സെഞ്ചുറികളും 13 ഫിഫ്റ്റികളും അടക്കം കോലിയുടെ ബാറ്റിംഗ് ശരാശരി 63 ആണ് എന്ന് വിസ്‌ഡണ്‍ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലും അമ്പതിലധികം ശരാശരിയോടെ നിലവില്‍ കളിക്കുന്ന ഏക താരമാണ് കോലി. അടുത്തകാലത്ത് സ്‌റ്റീവ് സ്‌മിത്ത് മാത്രമാണ് അല്‍പമെങ്കിലും കോലിക്ക് ഭീഷണിയായത് എന്നും വിഡ്‌സണ്‍ വ്യക്തമാക്കി.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ടെസ്റ്റില്‍ 27 സെഞ്ചുറികളടക്കം 7202 റണ്‍സും ഏകദിനത്തില്‍ 11125 റണ്‍സും ടി20യില്‍ 2663 റണ്‍സുമാണ് കോലിയുടെ സമ്പാദ്യം. ടെസ്റ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും വിജയ നായകനായും തുടര്‍ച്ചയായി ഏഴ് ടെസ്റ്റുകള്‍ ജയിച്ചതിന്‍റെ റെക്കോര്‍ഡും കോലിക്കുണ്ട്. നിലവില്‍ കോലിയുടെ ശക്തനായ എതിരാളിയായി വിശേഷിപ്പിക്കപ്പെടുന്ന സ്റ്റീവ് സ്‌മിത്തിന് 71 ടെസ്റ്റുകളില്‍ 26 സെഞ്ചുറികളടക്കം 7070 റണ്‍സാണുള്ളത്.

 

ഓസീസിന്‍റെ എല്ലിസി പെറിയാണ് പട്ടികയിലുള്ള ഏക വനിത. 112 ഏകദിനങ്ങളും 111 അന്താരാഷ്‌ട്ര ടി20കളും കളിച്ച താരം 4023 റണ്‍സ് നേടിയിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റിലുമായി 289 വിക്കറ്റുകളും സ്വന്തമാക്കി. ടി20യില്‍ 1000 റണ്‍സും 100 വിക്കറ്റും നേടിയ ആദ്യ വനിതാ താരമാണ് പെറി. എല്ലാ ഫോര്‍മാറ്റിലുമായി 20,014 റണ്‍സും ടെസ്റ്റിലും ഏകദിനത്തിലും 50ലധികം ശരാശരിയുമുള്ള താരമാണ് എ ബി ഡിവില്ലിയേഴ്‌സ്. അതേസമയം ഡെയ്‌ല്‍ സ്റ്റെയ്‌ന്‍ 262 മത്സരങ്ങളില്‍ നിന്ന് 696 വിക്കറ്റുകളാണ് എല്ലാ ഫോര്‍മാറ്റിലുമായി കൊയ്‌തത്.