ചിത്രങ്ങള്‍ സഹിതമാണ് കൈഫ് പോസ്റ്റ് പങ്കുവച്ചത്. തെറ്റുകള്‍ സംഭവിക്കുന്നതിനെ വിമര്‍ശിക്കുന്നുമുണ്ട് മുന്‍ ഇന്ത്യന്‍ താരം.

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോലിയുടെ പുറത്താകല്‍ വലിയ വിവാദമായിരുന്നു. വിജയലക്ഷ്യം പിന്തുടരുമ്പോള്‍ കോലി നോബോളിലാണോ പുറത്തായത് എന്നതാണ് വിവാദത്തിന് തിരികൊളുത്തിയത്. കോലി പുറത്തല്ലെന്നും, അല്ല അത് നോബോളാണെന്നുമുള്ള വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞത് അത് നോബോളല്ലെന്നായിരുന്നു. കോലിയുടെ പുറത്താകല്‍ ദൗര്‍ഭാഗ്യകരമായി പോയെന്ന് മത്സരശേഷം ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് വ്യക്തമാക്കി.

ഇപ്പോള്‍ സംഭവത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. കോലി പുറത്തായത് നോബോളിലായിരുന്നു എന്നാണ് കൈഫിന്റെ അഭിപ്രായം. ചിത്രങ്ങള്‍ സഹിതമാണ് കൈഫ് പോസ്റ്റ് പങ്കുവച്ചത്. തെറ്റുകള്‍ സംഭവിക്കുന്നതിനെ വിമര്‍ശിക്കുന്നുമുണ്ട് മുന്‍ ഇന്ത്യന്‍ താരം. കോലിയാവട്ടെ കൈഫിന്റ പോസ്റ്റിന് പ്രതികരിക്കുകയും ചെയ്തു. കൈഫ് പറഞ്ഞതിങ്ങനെ... ''വ്യക്തമായിട്ടും കളിക്കാന്‍ കഴിയാത്ത രീതിയിലുള്ള ബീമറിലാണ് കോലി പുറത്താവുന്നത്. മാത്രമല്ല, ധോണിയുടെ ബാറ്റിനടിയിലൂടെ കടന്നുപോയ ഒരു പന്ത് വൈഡ് വിളിക്കുന്ന സംഭവങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ക്യാമറകള്‍, റീപ്ലേകള്‍, സാങ്കേതിക വിദ്യയൊക്കെ ഉണ്ടായിട്ടും തെറ്റുകള്‍ ഇപ്പോഴും സംഭവിക്കുന്നു. മോശം അംപയറിംഗെന്ന് പറയാതെ വയ്യ.'' കൈഫ് കുറിച്ചിട്ടു.

View post on Instagram

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പേസര്‍മാരായ ഹര്‍ഷിത് റാണയെയും മിച്ചല്‍ സ്റ്റാര്‍ക്കിനെയും സിക്‌സറിന് പറത്തിയാണ് വിരാട് കോലി ചേസിംഗ് തുടങ്ങിയത്. എന്നാല്‍ ആര്‍സിബി ഇന്നിംഗ്‌സില്‍ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ കോലി നാടകീയമായി പുറത്തായി. അരയ്‌ക്കൊപ്പം ഉയര്‍ന്നുവന്ന റാണയുടെ ഹൈ-ഫുള്‍ടോസ് സ്ലോ ബോളില്‍ ബാറ്റ് വെച്ച കോലി അനായാസം റിട്ടേണ്‍ ക്യാച്ചായി. നോബോള്‍ സാധ്യത മനസില്‍ കണ്ട് കോലി റിവ്യൂ എടുത്തു. കോലി ക്രീസിന് പുറത്താണെന്നും സ്ലോ ബോളായതിനാല്‍ പന്ത് ഡിപ് ചെയ്യുന്നുണ്ട് എന്നും ബോള്‍ ട്രാക്കിംഗിലൂടെ മൂന്നാം അംപയര്‍ ഉറപ്പിച്ചു. 

അംപയറുടെ കഷ്ടപ്പാട്! മത്സരശേഷം കോലിയെ നേരില്‍ കണ്ട് നോബോളല്ലെന്ന് വീണ്ടും താഴ്മയോടെ വിശദീകരിക്കേണ്ടിവന്നു

എന്നാല്‍ പന്ത് നോബോളാണ് എന്നുപറഞ്ഞ് കോലി ഫീല്‍ഡ് അംപയറുമായി തര്‍ക്കിച്ചു. ഡ്രസിംഗ് റൂമിലേക്ക് മടങ്ങിത്തുടങ്ങിയ കോലി തിരിച്ചെത്തിയാണ് തര്‍ക്കിച്ചത്. ശേഷം തലകുലുക്കി വിക്കറ്റിലുള്ള അതൃപ്തി അറിയിച്ചായിരുന്നു ഡഗൗട്ടിലേക്ക് കോലിയുടെ മടക്കം. പോയവഴി ബൗണ്ടറിലൈനിന് പുറത്ത് വച്ചിട്ടുള്ള ചവറ്റുകൊട്ട തട്ടിത്തെറിപ്പിച്ച് വിരാട് കോലി കൂടുതല്‍ വിവാദത്തിലാവുന്നതും ടെലിവിഷനില്‍ കണ്ടു.