Asianet News MalayalamAsianet News Malayalam

ടെസ്റ്റ് റാങ്കിങ്: കോലിക്ക് കനത്ത നഷ്ടം, നേട്ടമുണ്ടാക്കിയത് ന്യൂസിലന്‍ഡ് താരങ്ങള്‍

ന്യൂസിലന്‍ഡിലെ മോശം പ്രകടനത്തിനിടയിലും ടീം ഇന്ത്യയും ക്യാപ്റ്റന്‍ വിരാട് കോലിയും ടെസ്റ്റ് റാങ്കിങ്ങില്‍ അവരവരുടെ സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ഇന്ത്യ ഒന്നാം സ്ഥാനം നിലര്‍ത്തിയപ്പോള്‍ കോലി ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ രണ്ടാമതുണ്ട്.

virat kohli lost points in icc test ranking
Author
Dubai - United Arab Emirates, First Published Mar 3, 2020, 5:30 PM IST

ദുബായ്: ന്യൂസിലന്‍ഡിലെ മോശം പ്രകടനത്തിനിടയിലും ടീം ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയെങ്കിലും കോലിയുടെ രണ്ടാം സ്ഥാനത്തിന് ഇളക്കം തട്ടിയിട്ടില്ല. രണ്ടാമതുണ്ടെങ്കിലും കിവീസ് പര്യടനത്തോടെ കോലിക്ക് 20 പോയിന്റുകളാണ് നഷ്ടമായത്. പരമ്പരയ്ക്ക് മുമ്പ് 906 പോയിന്റാണ് കോലിക്ക് ഉണ്ടായിരുന്നത്. ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര 2-0ത്തിന് തോറ്റെങ്കിലും ഇന്ത്യ 116 റേറ്റിങ് പോയിന്റോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. 110 പോയിന്റുള്ള ന്യൂസിലന്‍ഡാണ് രണ്ടാം സ്ഥാനത്ത്. രണ്ട് പോയിന്റ് മാത്രം പിറകിലുള്ള ഓസ്‌ട്രേലിയ മൂന്നാമതും 105 പോയിന്റോടെ ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമുണ്ട്.

ന്യൂസിലന്‍ഡിനെതിരെ നാല് ഇന്നിങ്‌സിലുമായി 38 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചതെങ്കിലും കോലി രണ്ടാം ഉറപ്പിക്കുകയായിരുന്നു. ഓസീസ് താരം സ്റ്റീവ് സ്മിത്തിന് പിന്നില്‍ 886 പോയിന്റാണ് കോലിക്കുള്ളത്. സ്മിത്തിന് 911 പോയിന്റുണ്ട്. ഇരുവരും തമ്മില്‍ 25 പോയിന്റിന്റെ വ്യത്യാസമാണുള്ളത്. ഓസ്‌ട്രേലിയയുടെ തന്നെ മര്‍നസ് ലബുഷെയ്‌നാണ് മൂന്നാം സ്ഥാനത്ത്. കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (813) നാലാമതാണ്. കോലിക്ക് പുറമെ ചേതേശ്വര്‍ പൂജാര (7), അജിന്‍ക്യ രഹാനെ (9) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍.
 

ഇന്ത്യക്കെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തി ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ അഞ്ചിലെത്തി. രണ്ട് സ്ഥാനങ്ങളാണ് സൗത്തി മെച്ചപ്പെടുത്തിയത്. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ മാറ്റമൊന്നുമില്ല. പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ- 904), നീല്‍ വാഗ്നര്‍ (ന്യൂസിലന്‍ഡ്- 843), ജേസണ്‍ ഹോള്‍ഡര്‍ (വെസ്റ്റ് ഇന്‍ഡീസ്- 812) എന്നിവര്‍ യഥാക്രമം ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനങ്ങളിലുണ്ട്. കിവീസിന്റെ തന്നെ ട്രന്റ് ബോള്‍ട്ട് ആദ്യ പത്തില്‍ തിരിച്ചെത്തി. 770 പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് ബോള്‍ട്ട്. 779 പോയിന്റോടെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂമ്ര ഏഴാം സ്ഥാനത്തുണ്ട്.

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജ (397) മൂന്നാം സ്ഥാനത്തും ആര്‍ അശ്വിന്‍ (282) അഞ്ചാമതുമുണ്ട്. ജേസണ്‍ ഹോള്‍ഡറാണ് (473) പട്ടിക നയിക്കുന്നത്.

Follow Us:
Download App:
  • android
  • ios