മുംബൈ: അടുത്ത മാസം നടക്കുന്ന ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മായകും ഇന്ത്യയെ നയിക്കുക. ബംഗ്ലാദേശിനെതിരെ മൂന്ന് ടി20കള്‍ അടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുക.

ഓസ്ട്രേലിയന്‍ പരമ്പര മുതല്‍ ഐപിഎല്ലിലും ലോകകപ്പിലും വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും കോലി തുടര്‍ച്ചയായി കളിക്കുന്നതാണ് ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ വിശ്രമം അനുവദിക്കാനുള്ള കാരണം. നേരത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ കോലിക്ക് വിശ്രമം അനുവദിക്കാന്‍ സെലക്ടര്‍മാര്‍ തയാറായിരുന്നെങ്കിലും കോലി ഇത് നിരസിക്കുകയായിരുന്നു.

പുതിയ ബിസിസിഐ ഭാരവാഹികള്‍ ചുമതലയേറ്റെടുത്തശേഷം ഈ മാസം 24നായിരിക്കും ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക എന്നാണ് സൂചന. എം എസ് ധോണി വീണ്ടും ടീമില്‍ തിരിച്ചെത്തുമോ എന്നതും ആരാധകര്‍ ആകാംക്ഷപൂര്‍വം ഉറ്റുനോക്കുന്നുണ്ട്.ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണെന്നതിനാല്‍ ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയില്‍ കോലി തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്.