പൂനെ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ ചൊവ്വാഴ്ച ഇറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് ഒരു പിടി റെക്കോര്‍ഡുകളാണ്. 2019 ഓഗസ്റ്റിനുശേഷം ഇതുവരെ ഏകദിനങ്ങളില്‍ സെഞ്ചുറി നേടിയിട്ടില്ലാത്ത കോലി ബാറ്റിംഗ് ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും റിക്കി പോണ്ടിംഗിന്‍റെയും റെക്കോര്‍ഡിന് അരികെയാണ്.

ഇംഗ്ലണ്ടിനെതിരെ ഒരു സെഞ്ചുറി കൂടി നേടിയാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോലിയുടെ പേരിലാവും. നിലവില്‍ ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ 197 മത്സരങ്ങളില്‍ 41 സെഞ്ചുറികളാണ് ക്യാപ്റ്റനെന്ന നിലയില്‍ കോലി നേടിയത്. 324 മത്സരങ്ങളില്‍ നിന്നാണ് പോണ്ടിംഗ് ക്യാപ്റ്റനെന്ന നിലയില്‍ 41 സെഞ്ചുറികള്‍ സ്വന്തമാക്കിയത്. 33 സെഞ്ചുറികള്‍ നേടിയിട്ടുള്ള മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്താണ് പട്ടികയില്‍ മൂന്നാമത്. 20 സെഞ്ചുറികള്‍ സ്വന്തമാക്കിയിട്ടുള്ള സ്റ്റീവ് സ്മിത്താണ് നാലാമത്.

ഇതിന് പുറമെ ഒരു സെഞ്ചുറി കൂടി നേടിയാല്‍ കളിക്കാരനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര സെഞ്ചുറികള്‍ എന്ന റിക്കി പോണ്ടിംഗിന്‍റെ(71) റെക്കോര്‍ഡിനൊപ്പമെത്താനും കോലിക്കാവും. നിലവില്‍ 70 രാജ്യാന്തര സെഞ്ചുറികളാണ് കോലിയുടെ പേരിലുള്ളത്.

ഒരു സെഞ്ചുറി നേടിയാല്‍ സ്വദേശത്ത് ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്താനും കോലിക്കാവും. നിലവില്‍ 95 മത്സരങ്ങളില്‍ നിന്ന് 19 സെഞ്ചുറികളാണ് കോലി ഇന്ത്യയില്‍ നേടിയത്. 104 മത്സരങ്ങളില്‍ നിന്ന് സച്ചിന്‍ 20 സെഞ്ചുറി നേടിയിട്ടുണ്ട്.