Asianet News MalayalamAsianet News Malayalam

'ബുമ്ര ചോദിച്ചുവാങ്ങിയ സ്‌പെല്‍, വീഴ്ത്തിയത് രണ്ട് വിക്കറ്റ്'; ബൗളര്‍മാരെ പ്രകീര്‍ത്തിച്ച് കോലി

ഓവലില്‍ 157 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 368 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യ 210 റണ്‍സിന് പുറത്താക്കുകയായിരുന്നു.

Virat Kohli on Jasprit Bumrah and his magic spell
Author
London, First Published Sep 7, 2021, 11:53 AM IST

ലണ്ടന്‍: ഓവല്‍ ടെസ്റ്റിലെ വിജയത്തില്‍ ബൗളര്‍മാരെ പ്രകീര്‍ത്തിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മത്സരശേഷം സംസാരിക്കുകയായിരുന്നുഅദ്ദേഹം. ഓവലില്‍ 157 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 368 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യ 210 റണ്‍സിന് പുറത്താക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി.

ടീം കളിക്കുന്ന ശൈലിയില്‍ വളരെയധികം ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞാണ് കോലി തുടങ്ങിയത്... ''ഒന്നാം ഇന്നിംഗ്‌സില്‍ 100 റണ്‍സിന്റെ ലീഡ് വഴങ്ങിയിട്ടും ഇന്ത്യക്ക് മത്സരത്തിലേക്ക് തിരിച്ചെത്താന്‍ സാധിച്ചത് വലിയ കാര്യമാണ്. ലോര്‍ഡ്‌സില്‍ പറഞ്ഞത് തന്നെയാണ് എനിക്ക് ഇപ്പോഴും പറയാനുള്ളത്. ടീം കളിക്കുന്ന ശൈലിയില്‍ ഞാന്‍ സന്തോഷവാനാണ്. ടീമിന്റെ മനോഭാവം അഭിനന്ദനമര്‍ഹിക്കുന്നു. നായകനെന്ന നിലയില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനങ്ങളില്‍ ഒന്നായിട്ടാണ് ഞാന്‍ കാണുന്നത്.

തികച്ചും ഫ്‌ളാറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന വിക്കറ്റാണ് ഓവലിലേത്. അത്തരമൊരു വിക്കറ്റില്‍ ബുമ്ര പന്ത് ചോദിച്ച് വാങ്ങിയത് അത്ഭുതപ്പെടുത്തി. എന്നാല്‍ ആ സ്‌പെല്ലാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. പിച്ചില്‍ നിന്ന് റിവേഴ്‌സ് സ്വിങ് ചെയ്യാന്‍ തുടങ്ങുമ്പോഴെ ബുമ്ര പന്ത് ചോദിച്ചുവാങ്ങുകയായിരുന്നു. 22 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തുന്നതിന് എത്രത്തോളം അധ്വാനം വേണ്ടിവരുമെന്ന് ചിന്തിച്ചാല്‍ മനസിലാവും. വീഴ്ത്തിയതാവട്ടെ നിര്‍ണായക വിക്കറ്റുകളും.'' കോലി പറഞ്ഞു.

ടീം ഒന്നിച്ചുനിന്നതിനെ കുറിച്ചും കോലി വാചാലനായി. ''ഒരു ടീം എന്ന നിലയില്‍ പത്ത് വിക്കറ്റുകളും വീഴ്ത്താന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. റിവേഴ്‌സ് സ്വിങ് നന്നായി ഉപയോഗിക്കാനും ബൗളര്‍മാര്‍ക്ക് സാധിച്ചു.'' കോലി പറഞ്ഞുനിര്‍ത്തി.

നേരത്തെ ലോര്‍ഡ്‌സിലാണ് ഇന്ത്യ ജയിച്ചത്. ഇപ്പോള്‍ ഓവലിലും. 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ലോര്‍ഡ്‌സില്‍ ഒരു ടെസ്റ്റ് ജയിക്കുന്നത്. ഈമാസം 10ന് മാഞ്ചസ്റ്ററിലാണ് അവസാന ടെസ്റ്റ് ആരംഭിക്കുന്നത്.

Follow Us:
Download App:
  • android
  • ios