2011ല്‍ ഇന്ത്യൻ ടീമിനൊപ്പം ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ അന്ന് സീനിയര്‍ താരങ്ങൾ കരയുന്നത് എന്തിനാണെന്ന് എനിക്ക് മനസിലായിരുന്നില്ല.

മുംബൈ: ടി20 ലോകകപ്പ് കിരീടം നേടിയശേഷമുള്ള വിജയനിമിഷത്തിലെ വികാരനിര്‍ഭരമായ രംഗങ്ങളെക്കുറിച്ച് ഇന്ത്യൻ താരം വിരാട് കോലി. കഴിഞ്ഞ 15 വര്‍ഷമായി ഒപ്പം കളിക്കുന്ന രോഹിത്തിനെ ഇത്രയും വികാരഭരിതനായി മുമ്പ് കണ്ടിട്ടില്ലെന്ന് ഇന്നലെ മുംബൈയി വാംഖഡെ സ്റ്റേഡിയത്തില്‍ ബിസിസിഐ ഒരുക്കിയ സ്വീകരണച്ചടങ്ങില്‍ കോലി പറഞ്ഞു.

15 വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ച് കളിക്കുന്നു. രോഹിത്തിനെ ഇത്രയും വികാരഭരിതനായി ഞൻ മുമ്പ് കണ്ടിട്ടില്ല. ഡ്രസ്സിംഗ് റൂമിന്‍റെ പടികള്‍ കയറി വരുമ്പോള്‍ ഞാന്‍ കരയുകയായിരുന്നു. രോഹിത്തും ആ സമയം കരയുകയായിരുന്നു. ഞങ്ങള്‍ കെട്ടിപ്പിടിച്ചു. എന്നെ സംബന്ധിച്ച് മറക്കാനാവാത്ത നിമിഷമാണത്. കാരണം, എല്ലാവരും കാലം കഴിഞ്ഞുവെന്ന് പറയുമ്പോഴും ഞങ്ങളുടെ ഒരേയൊരു ലക്ഷ്യം ലോകകിരീടമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന്‍റെ തലപ്പത്ത് എത്തുന്നതും ഇന്ത്യൻ പതാക ഉയരെപ്പറക്കുന്നതുമായിരുന്നു. അതാണ് ഞങ്ങളുടെ അഭിമാനനിമിഷം.

Scroll to load tweet…

ആവേശത്തിരമാല തീർത്ത് മുംബൈയില്‍ ടീം ഇന്ത്യയുടെ വിക്ടറി മാര്‍ച്ച്, വാംഖഡെയില്‍ വീരോചിത സ്വീകരണം

2011ല്‍ ഇന്ത്യൻ ടീമിനൊപ്പം ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ അന്ന് സീനിയര്‍ താരങ്ങളുടെ വികാരം എന്തെന്ന് എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. അന്നവര്‍ കരയുന്നത് എന്തിനാണെന്ന് എനിക്ക് മനസിലായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം നമ്മള്‍ ലോകകപ്പ് നേടി. അതിനെന്താ എന്ന ചിന്തയായിരുന്നു. അന്നെനിക്ക് 22-23 വയസെയുള്ളു. എന്നാലിപ്പോള്‍ എനിക്കാ നിമിഷത്തിന്‍റെ വില തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.

എനിക്ക് മാത്രമല്ല, രോഹിത്തിനും, കാരണം ഞങ്ങള്‍ രണ്ടുപേരും വര്‍ഷങ്ങളായി ശ്രമിക്കുന്നത് ഈ ഒരു നിമിഷത്തിന് വേണ്ടിയായിരുന്നു. ഞാന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ രോഹിത് ആയിരുന്നു ടീമിലെ സീനിയര്‍ താരം. ഇപ്പോള്‍ രോഹിത് ക്യാപ്റ്റനാവുമ്പോള്‍ ഞാനാണ് സീനിയര്‍ താരം. ലോകകപ്പ് ജയിക്കുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. രാജ്യത്തിന്‍റെ പ്രതീക്ഷക്കൊപ്പം അത് നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിരാട് കോലി സ്വീകരണച്ചടങ്ങില്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക