മുംബൈ: ഐസിസി ടി20 ലോകകപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കേ ആര് ടീം ഇന്ത്യയെ നയിക്കണം എന്ന ചര്‍ച്ചകള്‍ സജീവമാണ്. വിരാട് കോലിയാണ് മൂന്ന് ഫോര്‍മാറ്റിലും ടീം ഇന്ത്യയെ നയിക്കുന്നത്. അതേസമയം ഐപിഎല്ലില്‍ നായകനായി മികച്ച റെക്കോര്‍ഡാണ് രോഹിത് ശര്‍മ്മയ്‌ക്കുള്ളത്. ഇവരിലെ മികച്ച ടി20 ക്യാപ്റ്റന്‍ ആരാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാര്‍ഥീവ് പട്ടേല്‍. 

'ഇരുവര്‍ക്കും കീഴില്‍ മൂന്ന് വര്‍ഷം വീതം കളിച്ചിട്ടുണ്ട്. രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയോടാണ് എനിക്ക് പ്രിയം. സമ്മര്‍ദഘട്ടത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കേമന്‍ രോഹിത്താണ്. ടീമിനെ ബില്‍ഡ് ചെയ്യുന്ന കാര്യം പരിഗണിച്ചാല്‍ രോഹിത്താണ് മികച്ച നായകന്‍ എന്നാണ് എന്‍റെ അഭിപ്രായം. ദുര്‍ഘട നിമിഷങ്ങളില്‍ കോലി പലരുടെയും സഹായം തേടുമ്പോള്‍ രോഹിത്തിന് ഒറ്റയ്‌ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നതായും' പാര്‍ഥീവ് പറഞ്ഞു. 

ടൂര്‍ണമെന്‍റ് ജയിക്കുക പ്രധാനം

ടൂര്‍ണമെന്‍റുകള്‍ ജയിക്കാന്‍ കോലിയേക്കാള്‍ നന്നായി രോഹിത്തിന് അറിയാമെന്നാണ് പാര്‍ഥീവ് പട്ടേല്‍ പറയുന്നത്. 'വിരാട് കോലി മോശം നായകനാണ് എന്നല്ല പറയുന്നത്. രോഹിത്താണ് കൂടുതല്‍ ടൂര്‍ണമെന്‍റുകള്‍ വിജയിച്ചത് എന്നതാണ് പരിഗണിക്കുന്നത്' എന്നും ടീം ഇന്ത്യയുടെ ചാമ്പ്യന്‍സ്‌ ട്രോഫി(2017), ഏകദിന ലോകകപ്പ്(2019) തോല്‍വികള്‍ ചൂണ്ടിക്കാട്ടി പട്ടേല്‍ വ്യക്തമാക്കി. 

വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്‌ക്കും കീഴില്‍ കളിച്ചിട്ടുണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ പാര്‍ഥീവ് പട്ടേല്‍. ഐപിഎല്ലില്‍ രോഹിത്തിന്‍റെ നായകത്വത്തില്‍ മുംബൈ ഇന്ത്യന്‍സിലും (2015-2017), കോലിക്ക് കീഴില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലും (2018 മുതല്‍) കളിച്ചു പാര്‍ഥീവ്.