കട്ടക്ക്: തുടര്‍ച്ചയായ നാലാം വര്‍ഷവും റണ്‍മലയ്ക്ക് മുകളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ റണ്‍സ് നേടുന്ന നേട്ടമാണ് കോലിയെ തേടിയെത്തിയത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ക്യാപ്റ്റന്‍ ഈ നേട്ടത്തിലെത്തുന്നത്. കട്ടക്ക് ഏകദിനത്തിന് മുമ്പ് കോലിയെക്കാല്‍ ഒമ്പത് റണ്‍സ് മുന്നിലായിരുന്നു രോഹിത് ശര്‍മ. എന്നാല്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ രോഹിത്തിനെക്കാള്‍ റണ്‍സ് നേടിയ കോലി റെക്കോഡ് സ്വന്തം പേരിലാക്കുകയായിരുന്നു.

ഈ വര്‍ഷം 2455 റണ്‍സാണ് കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. രണ്ടാം സ്ഥാനത്തുള്ള രോഹിത്തിന്റെ അക്കൗണ്ടില്‍ 2442 റണ്‍സുണ്ട്. പാകിസ്ഥാന്‍ താരം ബാബര്‍ അസം 2082 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ട്. 1820 നേടിയ ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലര്‍ നാലാമതാണ്. അഞ്ചാം സ്ഥാനത്തുള്ള ജോ റൂട്ടിന് 1790 റണ്‍സുണ്ട്.

2016ല്‍ കോലി 2595 റണ്‍സ് നേടിയിരുന്നു. 2017ലാണ് ഏറ്റവും കൂടുതല്‍ റണ്‍സ് വന്നത്. 2818 റണ്‍സാണ് അന്ന് കോലി നേടിയത്. തൊട്ടടുത്ത വര്‍ഷം 2735 റണ്‍സും ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടി. എന്നാല്‍ ഈ വര്‍ഷം ഏകദിനത്തില്‍ മാത്രം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം രോഹിത്താണ്. 1490 റണ്‍സാണ് രോഹിത്തിനുള്ളത്. ഇതില്‍ ഏഴ് സെഞ്ചുറികളും ഉള്‍പ്പെടും.