ബംഗളൂരു: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍കൂടി. ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമായിരിക്കുകയാണ് കോലി. ഓസ്‌ട്രേലിയക്കെതിരെ ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലായിരുന്നു കോലിയുടെ നേട്ടം. വെറും 82 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു കോലിയുടെ നേട്ടം.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെയാണ് കോലി പിന്നിലാക്കിയത്. 127 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു ധോണിയുടെ നേട്ടം. കോലിയേക്കാള്‍ 45 ഇന്നിങ്‌സുകള്‍ കൂടുതല്‍. മുന്‍ ഓസീസ് താരം റിക്കി പോണ്ടിങ് മൂന്നാം സ്ഥാനത്താണ്. 131 ഇന്നിങ്‌സുകളില്‍ നിന്നാണ് പോണ്ടിങ് 5000 റണ്‍സ് പൂര്‍ത്തിയാക്കിയത്.  

നാലാം സ്ഥാനത്തുള്ള മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗ്രെയിം സ്മിത്തിന് 135 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു 5000 റണ്‍സിലെത്താന്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും  ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി 136 ഇന്നിങിസില്‍ നിന്നാണ് ഈ മാന്ത്രിക സംഖ്യയിലെത്തിയത്.