കാന്‍ബറ: ഏകദിന ക്രിക്കറ്റില്‍ മറ്റൊരു റെക്കോഡുകൂടി പിന്നിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. വേഗത്തില്‍ 12,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമായിരിക്കുകയാണ് കോലി. ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് കോലി മറികടന്നത്. ഇത്രയും റണ്‍സ് നേടാന്‍ 242 ഇന്നിങ്‌സുകളാണ് കോലിക്ക് വേണ്ടിവന്നത്. സച്ചിന്‍ 300 ഇന്നിങ്‌സില്‍ നിന്നായിരുന്നു 12,000 റണ്‍സെടുത്തത്.

കാന്‍ബറയില്‍ മൂന്നാം ഏകദിനം തുടങ്ങന്നതിന് മുമ്പ് 11,977 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. 23 റണ്‍സ് കൂടി ചേര്‍ത്തപ്പോള്‍ ആ റെക്കോഡും കോലിയുടെ പേരിലാവുകയായിരുന്നു. കോലി കളിക്കുന്ന 251ാം ഏകദിനമാണിത്. 60ന് അടുത്താണ് കോലിയുടെ ശരാശരി. ഇതില്‍ 43 സെഞ്ചുറികളും 59 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. 2008ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു കോലിയുടെ അരങ്ങേറ്റം.

463 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള സച്ചിന്‍ 18,426 റണ്‍സ് നേടിയിട്ടുണ്ട്. 44.83 ശരാശരിയിലാണ് സച്ചിന്‍ ഇത്രയും റണ്‍സ് നേടിയത്. ഇതില്‍ 49 സെഞ്ചുറികളും 96 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. വേഗത്തില്‍ 12,000 തികച്ചവരുടെ കാര്യത്തില്‍ മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗാണ് മൂന്നാം സ്ഥാനത്ത്. 314 ഇന്നിങ്‌സില്‍ നിന്നാണ് പോണ്ടിംഗ് ഇത്രയും റണ്‍സെടുത്തത്. 

മൂന്ന് ശ്രീലങ്കന്‍ താരങ്ങളാണ് അടുത്ത മൂന്ന് സ്ഥാനങ്ങളില്‍. മുന്‍ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ സംഗക്കാര 336 ഇന്നിങ്‌സില്‍ നിന്ന് നേട്ടം സ്വന്തമാക്കി. സനത് ജയസൂര്യ 379 ഇന്നിങ്‌സില്‍ നിന്നാണ് ഇത്രയും റണ്‍സ് കടന്നത്. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനേയ്ക്ക് 399 ഇന്നിങ്‌സ് വേണ്ടിവന്നു.

ഓസീസിനെതിരെ മൂന്നാം ഏകദിനത്തില്‍ കോലി 63 റണ്‍സിന് പുറത്തായിരുന്നു. 78 പന്തുകള്‍ നേരിട്ട കോലി അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് 63 റണ്‍സെടുത്തത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കോലി അവസാനമായി ഏകദിന ക്രിക്കറ്റില്‍ സെഞ്ചുറി നേടിയത്.