മുംബൈ: വിക്കറ്റ് കീപ്പറാവുക എന്നത് എളുപ്പമുള്ള പണിയല്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഒരേസമയം വിക്കറ്റ് കീപ്പറാവുകയും ഇന്ത്യന്‍ നായകാനാവുകയും ചെയ്ത എം എസ് ധോണിയുടെ ബുദ്ധിമുട്ട് താന്‍ ഒരിക്കല്‍ നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്നും സഹതാരം മായങ്ക് അഗര്‍വാളുമൊത്തുള്ള വീഡിയോ ചാറ്റില്‍ കോലി വെളിപ്പെടുത്തി.2015ല്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയായിരുന്നു അത്. രണ്ടോ മന്നോ ഓവര്‍ വിക്കറ്റ് കീപ്പറാവാന്‍ എന്നോട് ആവശ്യപ്പെട്ടിട്ട് ധോണി ഡ്രസ്സിംഗ് റൂമിലേക്ക് പോയി.  ധോണിയുടെ നിര്‍ദേശം അനുസരിച്ച് ഞാന്‍ വിക്കറ്റ് കീപ്പറായി. അപ്പോഴാണ് വിക്കറ്റ് കീപ്പറെന്ന നിലയില്‍ ധോണി നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഞാന്‍ തിരിച്ചറിഞ്ഞത്. വിക്കറ്റ് കീപ്പറുടെ റോളിന് പുറമെ ധോണിയുടെ അഭാവത്തില്‍ ഫീല്‍ഡ് സെറ്റ് ചെയ്യേണ്ടതും എന്റേ ചുമതലയായിരുന്നു.

അപ്പോഴാണ് ധോണി എത്ര കാര്യങ്ങളാണ് ഒരേസമയം കൈകാര്യം ചെയ്യുന്നത് എന്ന് എനിക്ക് മനസിലായത്. ഓരോ പന്തും ശ്രദ്ധിക്കുന്നതിനൊപ്പം തന്നെ ഫീല്‍ഡിലെ ഓരോ ചലനങ്ങളും നിയന്ത്രിക്കേണ്ടതിന്റെ ഉത്തരവാദിത്തവും ധോണി ചെയ്തിരുന്നു. വിക്കറ്റിന് പിന്നില്‍ നിന്നപ്പോള്‍ പന്ത് മുഖത്ത് കൊള്ളുമോ എന്ന് ആദ്യം പേടിച്ചിരുന്നുവെന്നും കോലി പറഞ്ഞു.

ഉമേഷ് യാദവ് ആയിരുന്നു പന്തെറിഞ്ഞിരുന്നത്. ഉമേഷിന്റെ അതിവേഗ പന്തുകളിലേതെങ്കിലും ഒന്ന് പിച്ചില്‍ കുത്തി മുഖത്ത് കൊള്ളുമോ എന്ന്  എനിക്ക് പേടിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഹെല്‍മറ്റ് വെക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. എന്നാല്‍ അത് നാണക്കേടാണെന്ന് പിന്നീട് തോന്നിയതുകൊണ്ട് വേണ്ടെന്ന് വെച്ചു-കോലി പറഞ്ഞു.

2014ലെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ധോണിയില്‍ നിന്ന് ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്ത കോലി 2017ലാണ് ധോണിയില്‍ നിന്ന് ടി20 ഏകിദന ക്യാപ്റ്റന്‍സി ഏറ്റെടുത്തത്. 2019 ഏകദിന ലോകകപ്പിനുശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ലാത്ത ധോണി ഇതുവരെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല.