മുംബൈ: അനുഷ്‌ക ശര്‍മ ജീവിതത്തിന്റെ ഭാഗമായ ശേഷം വീട്ടില്‍ ശാന്തനായി ഇരിക്കാന്‍ പഠിച്ചുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു കോലി. 2013ലാണ് ഇരുവരും കണ്ടുമുട്ടിയത്. 2017ലായിരുന്നു താരവിവാഹം. ലോക്ക്ഡൗണിനെ തുടര്‍ന്ന് മുംബൈയില്‍ അനുഷ്‌കയ്ക്ക് ഒപ്പമാണ് കോലിയുള്ളത്.

കരിയറിനെ കുറിച്ചും ജീവതത്തെ കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കോലി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ തുടര്‍ന്നു...''ഒരു കാര്യത്തിലും ക്ഷമയില്ലാത്ത വ്യക്തിയായിരുന്നു ഞാന്‍. എന്നാല്‍ അനുഷ്‌കയ്‌ക്കൊപ്പമുള്ള ജീവിതം തുടങ്ങിയ ശേഷം ക്ഷമിക്കാന്‍ പഠിച്ചു. അധികം ദേഷ്യം പ്രകടിപ്പിക്കാറില്ല. ശാന്തനാണ്.

അനുഷ്‌കയുടെ വ്യക്തിത്വം, ശാന്തത ഇവയെല്ലാം എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. എന്നില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമ്പോള്‍ ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാതെ വരുമായിരുന്നു. എന്നാല്‍ ഇതെല്ലാം നിയന്ത്രിക്കാന്‍ പഠിച്ചത് അനുഷ്‌ക വന്നതിന് ശേഷമാണ്.'' കോലി പറഞ്ഞു.

ആദ്യമായി സംസ്ഥാന ടീമില്‍ നിന്ന് എന്നെ തഴഞ്ഞപ്പോള്‍ ഞാന്‍ ഏറെ നേരം കരഞ്ഞിട്ടുണ്ടെന്നും കോലി പറഞ്ഞു. ''പുലര്‍ച്ചെ മൂന്ന് വരെ ഉറക്കമില്ലാതെ വിഷമിച്ചിരുന്നു. അടുത്ത ദിവസം പരിശീലകനോട് എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് ചോദിച്ചു. പിന്നീട് അദ്ദേഹം നല്‍കിയ മറുപടിയാണ് എന്നെ വീണ്ടും ഞാനാക്കിയത്.'' കോലി കൂട്ടിച്ചേര്‍ത്തു.