അഡ്‌ലെയ്ഡ്: നാണംകെട്ട തോല്‍വിയാണ് ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഏറ്റുവാങ്ങിയത്. പകല്‍- രാത്രി ടെസ്റ്റില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ടോസ് നേടി ആദ്യ ഇന്നിങ്‌സില്‍ 244 റണ്‍സിന് പുറത്തായ ഇന്ത്യക്കെതിരെ ഓസീസ് 191 റണ്‍സിന് കൂടാരം കയറിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. ഒമ്പതിന് 36 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. അവസാന ബാറ്റ്‌സ്മാനായ മുഹമ്മദ് ഷമി പരിക്കേറ്റ് പുറത്തായതോടെ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. 90 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇപ്പോള്‍ തോല്‍വിയുടെ കാരണം വ്യക്തമാക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി.

''തോല്‍വിയില്‍ എന്താണ് തോന്നുന്നതെന്ന് വാക്കുകളായി പുറത്തുപറയാന്‍ കഴിയുന്നില്ല. ഇന്ന് 60 റണ്‍സിനടുത്ത് ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സില്‍ ലീഡുണ്ടായിരുന്നു. രണ്ട് ദിവസം മനോഹരമായ ക്രിക്കറ്റാണ് ഇന്ത്യ കളിച്ചത്. എന്നാല്‍ ഒരു മണിക്കൂറിനിടെ എല്ലാം തകര്‍ന്നു. ശരിക്കും പ്രയാസമുണ്ട്. ആര്‍ക്കും ക്രീസില്‍ പിടിച്ചുനില്‍ക്കണമെന്നുള്ള ചിന്ത പോലും ഇല്ലായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഇന്നത്തെ മത്സരത്തില്‍ നിന്ന് പഠിക്കാനുണ്ട്. ഓസീസ് ബൗളര്‍മാര്‍ കൃത്യതയോടെ പന്തെറിഞ്ഞു. 

എന്നാല്‍ ഞങ്ങളുടെ കണക്കുകൂട്ടല്‍ കൂടുതല്‍ റണ്‍സ് കണ്ടെത്തുകയെന്നതായിരുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ ശരിക്കും ഞങ്ങള്‍ക്ക് എതിരായി. ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ടീമിന് ആത്മവിശ്വാസത്തോടെ തിരിച്ചെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഹമ്മദ് ഷമിയുടെ പരിക്കിനെ കുറിച്ച് ഒരു വിവരവും പുറത്തുവന്നിട്ടില്ല. സ്‌കാന്‍ ചെയ്യുന്നുണ്ട്. ഷമിക്ക് നല്ല വേദന അനുഭപ്പെട്ടിരുന്നു. കൈ പൊക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. കാര്യങ്ങള്‍ ഉടനെ അറിയാന്‍ കഴിയും.'' കോലി മത്സരശഷം പറഞ്ഞു.

ഈ ടെസ്റ്റിന് ശേഷം കോലി നാട്ടിലേക്ക് മടങ്ങും. മൂന്ന് ടെസ്റ്റുകളാണ് ഇനി അവശേഷിക്കുന്നത്. അജിന്‍ക്യ രഹാനെയാണ് ശേഷിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കുക. മൂന്നാം ടെസ്റ്റ് മുതല്‍ രോഹിത് ശര്‍മയും ടീമിനൊപ്പം ചേരും.