ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് കോലി ടൂര്‍ണമെന്‍റ് കഴിയുന്നതുവരെ ലോകകപ്പ് മത്സരം കാണാനുള്ള ടിക്കറ്റ് ചോദിച്ച് ദയവു ചെയ്ത് സുഹൃത്തുക്കളാരും സമീപിക്കേണ്ടതില്ലെന്നും നിങ്ങള്‍ വീട്ടിലിരുന്ന് കളി ആസ്വദിക്കൂവെന്നും കോലി കുറിച്ചത്.
ചെന്നൈ: ഏകദിന ലോകകപ്പിലെ ആദ്യ പന്തെറിയാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കെ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് സ്വന്തമാക്കാന്‍ ആരാധകര്‍ ഇപ്പോഴും നെട്ടോട്ടമോടുകയാണ്. ഒക്ടോബര്‍ 14ന് അഹഹ്ഹമാദാബിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ഗ്ലാമര്‍ പോരാട്ടത്തിന്‍റെ ടിക്കറ്റിനായാണ് ആരാധകരുടെ കൂട്ടയടി നടക്കുന്നത്. ടിക്കറ്റുകള്‍ സ്വന്തമാക്കിയവരാകട്ടെ മറിച്ചുവിറ്റ് ലാഭം കൊയ്യാനും ശ്രമിക്കുന്നുണ്ട്. ഒരുലക്ഷത്തില്‍പ്പരം കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഇന്ത്യ-പാക് മത്സരത്തിനായി നിറഞ്ഞു കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനിടെ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റിനായി സുഹൃത്തുക്കളാരും സമീപിക്കേണ്ടെന്ന മുന്നറിയിപ്പുമായി എത്തിരിയിരിക്കുകയാണ് ഇന്ത്യന്‍ താരം വിരാട് കോലി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് കോലി ടൂര്‍ണമെന്‍റ് കഴിയുന്നതുവരെ ലോകകപ്പ് മത്സരം കാണാനുള്ള ടിക്കറ്റ് ചോദിച്ച് ദയവു ചെയ്ത് സുഹൃത്തുക്കളാരും സമീപിക്കേണ്ടതില്ലെന്നും നിങ്ങള്‍ വീട്ടിലിരുന്ന് കളി ആസ്വദിക്കൂവെന്നും കോലി കുറിച്ചത്.
ഇതിന് പിന്നാലെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മയും പ്രതികരണവുമായി എത്തി.ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ക്കാനുണ്ടെന്നും നിങ്ങളുടെ സന്ദേശങ്ങള്‍ക്ക് മറുപടി കിട്ടിയില്ലെങ്കില്‍ എന്നോട് സഹായം അഭ്യര്‍ത്ഥിച്ച് വരരുതെന്നും നിങ്ങള്‍ക്കത് മനസിലാവുമെന്ന് കരുതുന്നുവെന്നും അനുഷ്കയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തു. നാളെ അഹമ്മദാബാദില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മിലുള്ള പോരാട്ടത്തോടെ തുടങ്ങുന്ന ലോകകപ്പില്‍ എട്ടിന് ചെന്നൈയില്‍ ഓസ്ട്രേലിയക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.
11ന് ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെ നേരിടുന്ന ഇന്ത്യന്‍ ടീം 14ന് അഹമ്മദാബാദില്‍ പാകിസ്ഥാനെ നേരിടും.തിരുവനന്തപുരത്ത് ഇന്നലെ നടക്കേണ്ടിയിരുന്ന ഇന്ത്യ-നെതര്‍ലന്‍ഡ്സ് സന്നാഹ മത്സരത്തിനായി എത്തിയ ഇന്ത്യന്‍ ടീമിനൊപ്പം വിരാട് കോലി ഉണ്ടായിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ മുംബൈയിലേക്ക് പോയ കോലി പിന്നീടാണ് ടീമിനൊപ്പം ചേര്‍ന്നത്.
