ദില്ലി: ലോകകപ്പ് കഴിഞ്ഞതിന് പിന്നാലെ എം എസ് ധോണിയുടെ വിരമിക്കല്‍ ചൊല്ലി അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇപ്പോള്‍ വീണ്ടും ധോണിയുടെ വിരമിക്കലിനെ കുറിച്ച് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയിലാണ്. മുന്‍പത്തെ പോലെ വെറും അഭ്യൂഹങ്ങളല്ല, ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഒരു ട്വീറ്റാണ് ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച ചര്‍ച്ച ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചൂടുപിടിപ്പിച്ചിരിക്കുന്നത്.

കൊല്‍ക്കത്തയില്‍ 2016 ടി20 ലോകകപ്പില്‍ ഓസീസിനെതിരെ നടന്ന മത്സരത്തിലെ ഒരു ചിത്രമാണ് കോലി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 'ഒരിക്കലും മറക്കാനാവാത്ത മത്സരം. സ്‌പെഷ്യല്‍ രാത്രി. ഫിറ്റ്‌നസ് ടെസ്റ്റിലെ എന്നതുപോലെ ധോണി തന്നെ ഓടിച്ചു' എന്ന തലക്കെട്ടോടെയായിരുന്നു കോലിയുടെ ട്വീറ്റ്. ധോണി വിരമിക്കുകയാണെന്ന് മറ്റൊരു സൂചനയും കോലി നല്‍കിയിട്ടുമില്ല. 

എന്നാല്‍ കോലിയുടെ ട്വീറ്റിന് പിന്നാലെ ധോണിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ ശക്തമായി. എന്തിന് ഈ ചിത്രം കോലി ഇപ്പോള്‍ ട്വീറ്റ് ചെയ്തു എന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. വിരമിക്കുകയാണെന്ന് കോലിയെ ധോണി ഫോണില്‍ വിളിച്ചറിയിച്ചതായി വരെ കഥകള്‍ മെനഞ്ഞു ആരാധകര്‍. ധോണി ഇന്ന് വൈകിട്ടോടെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് പ്രവചിച്ച ആരാധകരുമുണ്ട്. 

കൊല്‍ക്കത്തയില്‍ ഓസ്‌ട്രേലിയക്കെതിരെ 7.4 ഓവറില്‍ 49/3 എന്ന തകര്‍ന്നിരുന്നു ഇന്ത്യ. എന്നാല്‍ നാലാം വിക്കറ്റില്‍ കോലി- യുവി സഖ്യം 45 റണ്‍സ് കൂട്ടുകെട്ടുമായി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ 14-ാം ഓവറില്‍ ഫോക്‌നര്‍ യുവിയെ മടക്കിയതോടെ ഇന്ത്യ വീണ്ടും സമ്മര്‍ദത്തിലായി. ക്രീസിലൊന്നിച്ച കോലിയും ധോണിയും പതറിയില്ല. സമ്മര്‍ദഘട്ടത്തില്‍ പുറത്താകാതെ 67 റണ്‍സ് കൂട്ടുകെട്ടുമായി മത്സരം ഇന്ത്യയുടേതാക്കി. അന്ന് ധോണിയും കോലിയും സിംഗിളും ഡബിളുകളും ഓടിയെടുത്താണ് കൂടുതല്‍ റണ്‍സ് കണ്ടെത്തിയത്. ഇതാണ് കോലി ഓര്‍മ്മിച്ചെടുത്ത ചിത്രത്തിന്‍റെ പിന്നിലെ കഥ.