പിഴവുകള്‍ വരുത്തുമ്പോള്‍ സ്റ്റേഡിയത്തിലരുന്ന് ധോണി...ധോണി എന്ന് ആരാധകര്‍ ഉറക്കെ വിളിക്കുന്നത് ഋഷഭ് പന്തിനെ അപമാനിക്കുന്നതിന് തുല്യമാണ്. അങ്ങനെയൊരു സാഹചര്യം ഒരു കളിക്കാരനും ആഗ്രഹിക്കില്ല.

ഹൈദരാബാദ്:വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് പൂര്‍ണ പിന്തുണയുമായി ക്യാപ്റ്റന്‍ വിരാട് കോലി. ഋഷഭ് പന്തിന്റെ കഴിവില്‍ ടീമിന് പൂര്‍ണ വിശ്വാസമുണ്ടെന്നും പന്തിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ താന്‍ ആരെയും അനുവദിക്കില്ലെന്നും വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോലി പറഞ്ഞു.

കളിക്കാരനെന്ന നിലയില്‍ മികച്ച പ്രകടനം നടത്തുക എന്നത് ഋഷഭ് പന്തിന്റെ ഉത്തരവാദിത്തമാണ്. പക്ഷേ അതുപോലെ, സമ്മര്‍ദ്ദമില്ലാതെ കളിക്കാനുള്ള അവസരം നല്‍കുകയും പിന്തുണക്കുകയും ചെയ്യുക എന്നത് ടീമിന്റെയും ഉത്തരവാദിത്തമാണ്. പിഴവുകള്‍ വരുത്തുമ്പോള്‍ സ്റ്റേഡിയത്തിലരുന്ന് ധോണി...ധോണി എന്ന് ആരാധകര്‍ ഉറക്കെ വിളിക്കുന്നത് ഋഷഭ് പന്തിനെ അപമാനിക്കുന്നതിന് തുല്യമാണ്. അങ്ങനെയൊരു സാഹചര്യം ഒരു കളിക്കാരനും ആഗ്രഹിക്കില്ല.

രോഹിത് മുമ്പ് പറഞ്ഞതുപോലെ അയാളെ വെറുതെ വിടൂ. അയാളുടെ സ്വാഭാവിക കളി പുറത്തെടുക്കാന്‍ അനുവദിക്കൂ. അയാള്‍ മാച്ച് വിന്നറാണ്. മികച്ച പ്രകടനം നടത്താന്‍ തുടങ്ങിയാല്‍ പിന്നെ ഋഷഭ് പന്ത് വേറെ തലത്തിലുള്ള കളിക്കാരനാണ്. ഐപിഎല്ലില്‍ അത് നമ്മള്‍ കണ്ടതാണ്. അതുകൊണ്ടുതന്നെ മികച്ച പ്രകടനം നടത്തിയില്ലെങ്കിലും അയാളെ ഇത്രമാത്രം ഒറ്റപ്പെടുത്താന്‍ ആരെയും അനുവദിക്കാനാവില്ല. സ്വന്തം രാജ്യത്ത് കളിക്കുമ്പോള്‍ പോലും ആരാധകരുടെ പിന്തുണ ലഭിക്കുന്നില്ലെങ്കില്‍ പിന്നെ എവിടെയാണ് ലഭിക്കുകയെന്നും കോലി ചോദിച്ചു.