കിംഗ്‌സ്റ്റണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ അടുത്തിടെ നടപ്പാക്കിയ 'കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ട്' നിയമത്തെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. കിംഗ്‌സ്റ്റണ്‍ ടെസ്റ്റില്‍ ബുമ്രയുടെ ബൗണ്‍സറില്‍ പരിക്കേറ്റ വിന്‍ഡീസ് ബാറ്റ്സ്‌മാന്‍ ഡാരന്‍ ബ്രാവോയ്‌ക്ക് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി ജെറമൈന്‍ ബ്ലാക്ക്‌വുഡ് കളത്തിലിറങ്ങിയതിനെ കുറിച്ചാണ് കോലിയുടെ പ്രതികരണം. 

'കഴിഞ്ഞ ഐപിഎല്ലിനിടെ ബുമ്രയുടെ ബൗണ്‍സറില്‍ എ ബി ഡിവില്ലിയേഴ്‌സിന് പരിക്കേറ്റിരുന്നു. അന്ന് എബിഡിക്ക് തുടര്‍ന്ന് കളിക്കാനായെങ്കിലും അടുത്ത ദിവസം രാവിലെ തലചുറ്റലുണ്ടായി. ടെസ്റ്റ് ക്രിക്കറ്റ് വളരെ വ്യത്യസ്തമാണ്, പരുക്കേല്‍ക്കുന്ന ദിനം നിങ്ങള്‍ക്ക് കളിക്കാനായേക്കും. എന്നാല്‍ തൊട്ടടുത്ത ദിവസം മൈതാനത്തിറങ്ങുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാകും. അതിനാല്‍ കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടിനെ അനുകൂലിക്കുന്നതായും അതില്‍ ഔചിത്യമുണ്ട്' എന്നും'കോലി വ്യക്തമാക്കി. 

ഇന്ത്യ- വിന്‍ഡീസ് കിംഗ്സ്റ്റണ്‍ ടെസ്റ്റിന്‍റെ മൂന്നാം ദിനം അവസാന ഓവറിലാണ് ബുമ്രയുടെ പന്ത് ബ്രാവോയുടെ ഹെല്‍മറ്റില്‍ പതിച്ചത്. എങ്കിലും താരം ഓവര്‍ പൂര്‍ത്തിയാക്കിയിരുന്നു. നാലാം ദിനം രാവിലെ പാഡണിഞ്ഞ് ക്രീസിലെത്തിയെങ്കിലും അസ്വസ്‌ഥതകള്‍ പ്രകടിപ്പിച്ച ബ്രാവോ മൂന്ന് ഓവറുകള്‍ക്ക് ശേഷം ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു. തലേദിവസത്തെ സ്‌കോറായ 18നോട് അഞ്ച് റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ബ്രാവോ മടങ്ങിയത്. 

ഒരു താരത്തിന്‍റെ തലയ്‌ക്ക് പരിക്കേറ്റാല്‍ മാത്രമാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടിനെ അനുവദിക്കൂ. ഈ താരത്തിന് ബൗള്‍ ചെയ്യാനും ബാറ്റ് ചെയ്യാനുമുള്ള അവകാശമുണ്ട്. രണ്ടാം ആഷസ് ടെസ്റ്റില്‍ സ്‌റ്റീവ് സ്‌മിത്തിന് പകരം കളത്തിലിറങ്ങിയ മര്‍നസ് ലബുഷാഗ്നെയാണ് 'കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട്' നിയമം പ്രകാരം ആദ്യമായി കളിച്ച താരം. കിംഗ്‌സ്റ്റണ്‍ ടെസ്റ്റില്‍ കളിച്ച ജെറമൈന്‍ ബ്ലാക്ക്‌വുഡാണ് ഈ നിയമപ്രകാരം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മൈതാനത്തിറങ്ങിയ രണ്ടാമത്തെ താരം.