2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ വിരാട് കോലിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി കിരീടം നേടിയപ്പോള്‍ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ തന്‍മയ് 46 റണ്‍സടിച്ച് ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു
ചണ്ഡീഗഡ്: വിരാട് കോലിക്കൊപ്പം ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച തന്‍മയ് ശ്രീവാസ്തവ ഇത്തവണ ഐപിഎല്ലില്‍ പുതിയ റോളില്‍. ഐപിഎല്ലില്‍ മുന്‍ പഞ്ചാബ് കിംഗ്സ് താരം കൂടിയായ തന്‍മയ് ഇത്തവണ ഐപിഎല്ലില്‍ അമ്പയറായാണ് അരങ്ങേറുന്നത്. 2008, 2009 ഐപിഎല്‍ സീസണുകളില്‍ പഞ്ചാബ് കിംഗ്സിന്‍റെ താരം കൂടിയായിരുന്നു തന്‍മയ് ശ്രീവാസ്തവ.
2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ വിരാട് കോലിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി കിരീടം നേടിയപ്പോള്‍ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ തന്‍മയ് 46 റണ്‍സടിച്ച് ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ 159 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ മഴമൂലം ഓവറുകള്‍ വെട്ടിക്കുറച്ച മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 103-8ല്‍ ഒതുക്കിയ ഇന്ത്യ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 12 റണ്‍സിന്‍റെ വിജയം നേടി.
ഐപിഎൽ ഉദ്ഘാടനം കൊല്‍ക്കത്തയില്‍ മാത്രമല്ല, 13 വേദികളിലും ആഘോഷമൊരുക്കി ബിസിസിഐ
അണ്ടര്‍ 19 ലോകകപ്പില്‍ തിളങ്ങിയിട്ടും ഇന്ത്യൻ ടീമിലോ ഐപിഎല്ലിലോ സ്ഥിരാംഗമാവാന്‍ കഴിയാതിരുന്ന തന്‍മയ് അഞ്ച് വര്‍ഷം മുമ്പ് 31-ാം വയസില്‍ പ്രഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ 90 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 4918 റണ്‍സാണ് തന്‍മയ് ശ്രീവാസ്തവയുടെ സമ്പാദ്യം.
പിന്നീട് അമ്പയറിംഗ് കരിയറിലേക്ക് തിരിഞ്ഞ തന്‍മയ് ആഭ്യന്തര ക്രിക്കറ്റില്‍ അമ്പയറായശേഷമാണ് ഐപിഎല്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. ശനിയാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെയാണ് ഐപിഎല്ലിന്‍റെ പതിനെട്ടാം സീസണ് തുടക്കമാകുന്നത്. ഐപിഎല്ലില്‍ ഏതൊക്കെ മത്സരങ്ങളിലാണ് തന്‍മയ് ശ്രീവാസ്തവ അമ്പയറാകുക എന്നത് ഇപ്പോള്‍ വ്യക്തമല്ല. ആര്‍സിബിയുടെ മത്സരത്തില്‍ അമ്പയറാവാന്‍ അവസരം ലഭിച്ചാല്‍ 2008ലെ അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളുടെ അപൂര്‍വ സംഗമം കൂടിയാകും ആ മത്സരം.
