കോലിയുടെ കാത്തിരിപ്പ് ചെറുതല്ലെങ്കിലും സച്ചിന്റെ കാത്തിരിപ്പ് ഏറെ നീണ്ടതായിരുന്നുവെന്നും സെവാഗ് പറഞ്ഞു.

ബെംഗളൂരു: 18 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് വിരാട് കോലി ഐപിഎല്‍ കിരീടം നേടുന്നത്. ഐപിഎല്‍ പ്രഥമ സീസണ്‍ മുതല്‍ അദ്ദേഹം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പമുണ്ട്. മുമ്പ് മൂന്ന് തവണ ഫൈനല്‍ കളിച്ചെങ്കിലും കപ്പ് അകന്നുനിന്നു. ആര്‍സിബി, പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ചതോട് കൂടിയാണ് കോലിയുടെ കാത്തിരിപ്പിന് വിരാമമായത്. ഏകദിന ലോകകപ്പ് നേടാനുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കാത്തിരിപ്പും ഇതിനോട് സമാനമായിരുന്നു. ഇപ്പോള്‍ ഇത് രണ്ടും താരതമ്യം ചെയ്യുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്.

സച്ചിന്റെ കാത്തിരിപ്പ് ഇതിലും വലുതായിരുന്നു എന്നാണ് സെവാഗ് പറയുന്നത്. സെവാഗിന്റെ വാക്കുകള്‍... ''ഐപിഎല്‍ നേടാന്‍ കോലിക്ക് 18 വര്‍ഷമേ കാത്തിരിക്കേണ്ടി വന്നിട്ടുള്ളൂ. എന്നാല്‍ 1989 മുതല്‍ 2011 വരെ സച്ചിന്‍ ഏകദിന ലോകകപ്പ് നേടാന്‍ കാത്തിരുന്നു. കോലിയുടെ കാത്തിരിപ്പ് അത്ര ചെറുതല്ല. എന്നിട്ടും സച്ചിന്‍ വര്‍ഷങ്ങള്‍ ആയിട്ട് പോലും ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല. അദ്ദേഹം മനസ്സില്‍ ഉറപ്പിച്ചിരുന്നു, ഒരു ലോകകപ്പ് ട്രോഫി കയ്യില്‍ പിടിച്ചുകൊണ്ട് മാത്രമേ പിന്മാറൂവെന്ന്.'' സെവാഗ് പറഞ്ഞു.

അദ്ദേഹം തുടര്‍ന്നു... ''വിരാട് കോലിയുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ഇപ്പോള്‍ അദ്ദേഹത്തിന് ആശ്വാസമായിട്ടുണ്ടാവും. അദ്ദേഹത്തിന് ഇനി നിരാശയില്ലാതെ ഐപിഎല്‍ കളിക്കുന്നത് നിര്‍ത്താന്‍ കഴിയും. ഒരു കളിക്കാരന്‍ ട്രോഫി നേടാന്‍ കളിക്കുന്നു. പണം വരുന്നു, പോകുന്നു, പക്ഷേ ട്രോഫികള്‍ നേടുന്നത് എളുപ്പമല്ല. കോലിയുടെ കാത്തിരിപ്പ് അവസാനിച്ചു. അദ്ദേഹത്തിന് വലിയ സംഭാവനകള്‍ ചെയ്യാന്‍ സാധക്കുകയും ചെയ്തു.'' മുന്‍ ഓപ്പണര്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍സിബിയുടെ കിരീട വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച കോലി, 15 ഇന്നിംഗ്സുകളില്‍ നിന്ന് 54.75 ശരാശരിയില്‍ 657 റണ്‍സാണ് നേടിയത്. എട്ട് അര്‍ധ സെഞ്ചുറികള്‍ നേടിയ കോലി റണ്‍വേട്ടക്കാരില്‍ മൂന്നാമതുമെത്തി. പേസര്‍ ജോഷ് ഹേസല്‍വുഡും ആര്‍സിബിയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 12 ഇന്നിംഗ്സുകളില്‍ നിന്ന് 17.54 ശരാശരിയിലും 8.77 എന്ന എക്കണോമിയിലും 22 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

YouTube video player