യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും മികച്ച ലക്ഷ്യസ്ഥാനം എന്ന നിലയിൽ ദുബൈയെ അവതരിപ്പിക്കുന്നതാണ് പരസ്യം

ദുബൈ: ദുബൈ ടൂറിസത്തിന്റെ `ദുബൈ, റെഡി ഫോർ എ സർപ്രൈസ്' എന്ന പുതിയ പരസ്യ ചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും ബോളിവുഡ് സിനിമാതാരവുമായ അനുഷ്ക ശർമയും. ദുബൈ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസത്തിന്റെ ഭാഗമായ ദുബൈ കോർപ്പറേഷൻ ഫോർ ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിങ് (വിസിറ്റ് ദുബൈ) ആണ് പരസ്യ ചിത്രം ഒരുക്കിയിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും മികച്ച ലക്ഷ്യസ്ഥാനം എന്ന നിലയിൽ ദുബൈയെ അവതരിപ്പിക്കുന്നതാണ് പരസ്യം. ദുബൈ ​ന​ഗരത്തിൽ അറിഞ്ഞിരിക്കേണ്ട, കണ്ടിരിക്കേണ്ട വിവിധങ്ങളായ അനുഭവങ്ങൾ അനാവരണം ചെയ്യുന്ന തരത്തിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. 3.46 മിനിറ്റാണ് പരസ്യ ചിത്രത്തിന്റെ ദൈർഘ്യം. ഇതിൽ ദുബൈ ന​ഗരത്തിന്റെ ഓരോ കാഴ്ചകളും പുതുമയാർന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

അനുഷ്കയ്ക്ക് എന്നും ഓർത്തുവെക്കാവുന്ന തരത്തിൽ മികച്ചൊരു അനുഭവം നൽകുക എന്ന വീരാടിന്റെ ചിന്തയിൽ നിന്നുമാണ് പരസ്യം ചിത്രം ആരംഭിക്കുന്നത്. അനുഷ്കയുടെ വൈബിനും ഇഷ്ടങ്ങൾക്കും അനുസൃതമായുള്ള ദുബൈ ന​ഗരത്തിന്റെ പുതിയ മുഖമാണ് പരസ്യത്തിൽ കാണിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 360 ഡി​ഗ്രി ഇൻഫിനിറ്റി പൂളായ ഓറ സ്കൈപൂളിൽ തുടങ്ങി ബീച്ചുകളിലൂടെയുള്ള പാരാസെയിലിങും ആശ്ചര്യം ജനിപ്പിക്കുന്ന ദുബൈയുടെ നിരവധി കാഴ്ചകളും പരസ്യത്തിലൂടെ കാണിക്കുന്നു. വീരാട്-അനുഷ്ക ദമ്പതികളെപ്പോലെ യാത്രയെയും കൗതുകകരമായ അനുഭവങ്ങളെയും ഇഷ്ടപ്പെടുന്നവർക്ക് ദുബൈ ന​ഗരം മികച്ചയിടമാണെന്ന് കാണിപ്പിക്കുന്നതാണ് പരസ്യ ചിത്രം. റിലീസ് ചെയ്ത് ഇതിനോടകം തന്നെ നിരവധി പേർ പരസ്യം കണ്ടുകഴിഞ്ഞു. വിരാട്-അനുഷ്ക ദമ്പതികളുടെ അടുപ്പം കൂടുതൽ വ്യക്തമാക്കും വിധത്തിൽ കൂടിയാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.