മുംബൈ: ഓരോ ക്രിക്കറ്റ് താരത്തിനും പ്രചോദനമായ ക്രിക്കറ്റ് താരങ്ങളുണ്ടാവും. വിവിധ ടീമുകള്‍ക്കായി കളിച്ച മുന്‍ താരങ്ങളോ അല്ലെങ്കി ക്രിക്കറ്റ് ഇതിഹാസങ്ങളോ ആയിരിക്കും ഇത്. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിന് പ്രചോദനമായത് ഒരു പുരാണ കഥാപാത്രമാണ്. രാമായണത്തില്‍ ശ്രീരാമനെ സഹായിച്ച വാനരസേനയില്‍ അംഗമായിരുന്ന അംഗദനാണ് സെവാഗിന്റെ പ്രചോദനം.

ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാമായണത്തിലെ പ്രശസ്ത കഥാപാത്രങ്ങളിലൊന്നായ ബാലിയുടെ മകന്‍ കൂടിയാണ് അംഗദന്‍. രാമായണം സീരിയലില്‍ നിന്നുള്ള അംഗദന്റെ ചിത്രത്തോടൊപ്പമാണ് സെവാഗ് ഇക്കാര്യം വെളിപ്പെടുത്തിയത്. ''അംഗദന്റെ കാല്‍ ഇളക്കുക ബുദ്ധിമുട്ടാണെന്നല്ല, അസാധ്യമാണ്. അംഗദ് ജി റോക്ക്സ്'' എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. ഫുട്‌വര്‍ക്കിന്റെ കാര്യമാണ് സെവാഗ് പറയാതെ പറഞ്ഞതെന്ന് വ്യക്തമാണ്.  
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതില്‍ സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളുടെ എന്ത് നിര്‍ദേശവും അനുസരിക്കാന്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും സുരക്ഷിതരായി ഇരിക്കാനും സെവാഗ് ട്വിറ്ററില്‍ പോസറ്റ് ചെയ്ത വീഡിയോകളിലൂടെ പറഞ്ഞിരുന്നു. ഡോക്റ്റര്‍മാര്‍, നഴ്സുമാര്‍, പോലീസുകാര്‍ എന്നിവരെല്ലാം സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കിയാണ് നമ്മുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നതെന്നും സെവാഗ് പറഞ്ഞു.