യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും കളിക്കാന്‍ അര്‍ഹനാണെന്ന് മുന്‍ താരം വീരേന്ദര്‍ സേവാഗ് അഭിപ്രായപ്പെട്ടു. നിലവില്‍ ഓപ്പണിംഗ് സ്ഥാനങ്ങളിലെ കടുത്ത മത്സരം കാരണം അവസരങ്ങള്‍ കുറവാണെങ്കിലും, രോഹിത് ശര്‍മ്മ വിരമിക്കുന്നതോടെ ജയ്സ്വാള്‍ ടീമിലെ സ്ഥിരസാന്നിധ്യമാകുമെന്ന് സേവാഗ് പ്രവചിക്കുന്നു.
ദില്ലി: ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും കളിക്കണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ സ്ഥിരസാന്നിധ്യമാണെങ്കിലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ ജയ്സ്വാളിന് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ താരം മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ കെല്‍പ്പുള്ളവനാണെന്ന് സേവാഗ് അഭിപ്രായപ്പെട്ടു. നിലവില്‍ ഏകദിനത്തില്‍ രോഹിത് ശര്‍മ്മയും ശുഭ്മന്‍ ഗില്ലും ഓപ്പണര്‍മാരായി തിളങ്ങുമ്പോള്‍, ട്വന്റി-20യില്‍ അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ എന്നിവരാണ് ഇന്ത്യക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത്.
ഓപ്പണിംഗ് സ്ഥാനങ്ങളില്‍ വന്‍ മത്സരമുള്ളതിനാലാണ് ജയ്സ്വാളിന് അവസരങ്ങള്‍ കുറയുന്നത്. ''നിലവില്‍ ടീമില്‍ ഒരിടമില്ല എന്നത് ശരിയാണ്. ശുഭ്മ?ന്‍ ഗില്‍ നായകനാണ്, രോഹിത് ശര്‍മയും കളിക്കുന്നുണ്ട്. എന്നാല്‍ രോഹിത് ശര്‍മ വിരമിക്കുന്നതോടെ ജയ്സ്വാള്‍ വൈറ്റ്-ബോള്‍ ക്രിക്കറ്റിലും ഏകദിനത്തിലും സ്ഥിരസാന്നിധ്യമാകുന്നത് കാണാം. റുതുരാജ് ഗെയ്ക്വാദ് ഒരുപക്ഷേ ജയ്സ്വാളിന് വെല്ലുവിളിയായേക്കാം. എങ്കിലും മൂന്ന് ഓപ്പണര്‍മാരെ തിരഞ്ഞെടുക്കുകയാണെങ്കില്‍ അതില്‍ തീര്‍ച്ചയായും ജയ്സ്വാള്‍ ഉണ്ടാകും.'' ക്രിക്ബസ്സില്‍ സംസാരിക്കവെ സേവാഗ് പറഞ്ഞു.
ലഭിച്ച ചുരുക്കം അവസരങ്ങളില്‍ ഏകദിനത്തില്‍ മികച്ച പ്രകടനമാണ് ജയ്സ്വാള്‍ പുറത്തെടുത്തത്. കളിച്ച നാല് ഏകദിനങ്ങളില്‍ നിന്ന് 57 ശരാശരിയില്‍ 171 റണ്‍സ് താരം നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും (116*) ഇതില്‍ ഉള്‍പ്പെടുന്നു. ''രോഹിതോ ഗില്ലോ കളിക്കാതിരുന്ന സാഹചര്യങ്ങളിലാണ് ജയ്സ്വാളിന് ഏകദിനത്തില്‍ അവസരം ലഭിച്ചത്. അപ്പോഴെല്ലാം താരം മികച്ച പ്രകടനമാണ് നടത്തിയത്. മോശം പ്രകടനം കാരണം അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയതല്ല, മറ്റുള്ളവര്‍ മടങ്ങിയെത്തിയപ്പോള്‍ സ്ഥാനം മാറിക്കൊടുത്തതാണ്.'' സേവാഗ് കൂട്ടിച്ചേര്‍ത്തു.
ഏകദിനത്തില്‍ അതിവേഗ ഇരട്ട സെഞ്ചുറി നേടിയ ഇഷാന്‍ കിഷനും നിലവില്‍ പുറത്താണെന്ന കാര്യം ചൂണ്ടിക്കാണിച്ച സേവാഗ്, കിഷനും ജയ്സ്വാളും ഒരുപോലെ ടീമിലേക്ക് പരിഗണിക്കപ്പെടേണ്ടവരാണെന്ന് ഓര്‍മ്മിപ്പിച്ചു. അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ജയ്സ്വാളും ഇഷാന്‍ കിഷനും ഇടംപിടിച്ചിട്ടുണ്ട്.

