ദില്ലി: സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റെടുത്തിട്ട് അധികനാളായില്ല. അപ്രതീക്ഷിതമായിട്ടായിരുന്നു ഗാംഗുലി ചുമതലയേറ്റെടുത്തത്. എന്നാല്‍ ഗാംഗുലി ബിസിസിഐ പ്രസിഡന്റാകുമെന്ന് നേരത്തെ പ്രവചിച്ച ഒരാളുണ്ടായിരുന്നു. അത് മറ്റാരുമല്ല, ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗാണ് ഇക്കാര്യം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പറഞ്ഞത്.

2007ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയാണ് സംഭവം.  സെവാഗ് ഇക്കാര്യം വിവരിക്കുന്നതിങ്ങനെ... ''കേപ്ടൗണില്‍ നടക്കുന്ന ടെസ്റ്റിനിടെ ഞാനും വസീം ജാഫറും പെട്ടന്ന് പുറത്തായി. സച്ചിനായിരുന്നു നാലാമനായി ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ അന്ന് സച്ചിന് ഇറങ്ങാന്‍ സാധിച്ചില്ല. പകരം ഗാംഗുലിയോട് ഇറങ്ങാന്‍ പരിശീലകന്‍ ആവശ്യപ്പെട്ടു. ഗാംഗുലിയുടെ തിരിച്ചുവരവ് ടെസ്റ്റായിരുന്നു അത്. അങ്ങനെയൊരു ടെസ്റ്റില്‍ ഗാംഗുലി എങ്ങനെ കളിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. 

എന്നാല്‍ ഗാംഗുലി ആ സാഹചര്യം മനോഹരമായി കൈകാര്യം ചെയ്തു. അദ്ദേഹം സമ്മര്‍ദ്ദത്തെ അതിജീവിച്ച രീതി ആശ്ചര്യപ്പെടുത്തിയിയിരുന്നു. ഇതൊക്കെ ഗാംഗുലിക്ക് മാത്രം കഴിയുന്നതാണെന്ന് അന്നുതന്നെ തോന്നിയിരുന്നു. നമ്മളില്‍ ആര്‍ക്കെങ്കിലും ബിസിസിഐ പ്രസിഡന്റാവാന്‍ യോഗ്യതയുണ്ടെങ്കില്‍ അത് ഗാംഗുലിക്കാണെന്ന് അന്ന് പറഞ്ഞിരുന്നു. ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ ഗാംഗുലി ബംഗാള്‍ മുഖ്യമന്ത്രി ആവുമെന്നും അന്ന് ഞാന്‍ പറഞ്ഞു. എന്റെ ആദ്യത്തെ പ്രവചനം ശരിയായി. രണ്ടാമത്തേത് ശരിയാവുമോയെന്നുളളത് കാത്തിരുന്ന് കാണാം.'' സെവാഗ് പറഞ്ഞുനിര്‍ത്തി.