ഇന്ത്യയുടെ രണ്ടാംനിര ടീമാണ് ശ്രീലങ്കന്‍ പര്യടനം നടത്തുന്നത് എന്ന അർജുന രണതുംഗെയുടെ വിമര്‍ശനത്തിന് മറുപടിയുമായി വീരേന്ദര്‍ സെവാഗ്. 

കൊളംബോ: ശിഖർ ധവാന്‍റെ നേതൃത്വത്തില്‍ ശ്രീലങ്കന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം രണ്ടാംനിരയാണെന്ന ലങ്കന്‍ മുന്‍ നായകന്‍ അർജുന രണതുംഗെയുടെ വിമര്‍ശനം വിവാദമായിരുന്നു. എന്നാല്‍ പരിഹാസങ്ങള്‍ക്ക് ആദ്യ ഏകദിനത്തില്‍ തന്നെ ടീം ഇന്ത്യ ചുട്ട മറുപടി നല്‍കുന്നതാണ് ഇന്നലെ കണ്ടത്. ഇപ്പോള്‍ രണതുംഗെയ്‌ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

'പരുഷമായിപ്പോയി രണതുംഗെയുടെ വാക്കുകള്‍. ഇതൊരു ബി ടീമാണെന്ന് രണതുംഗെ ചിലപ്പോള്‍ ചിന്തിച്ചുകാണും. എന്നാല്‍ എത്ര ടീമിനെ വേണമെങ്കിലും അയക്കാന്‍ മാത്രം കരുത്തുറ്റതാണ് ഇന്ത്യന്‍ ടീം. എന്നാലിത് ബി ടീമല്ല. ഐപിഎല്‍ കൊണ്ടുണ്ടായ മെച്ചമാണിത്. ഒരു ടീമില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയാത്തത്ര പ്രതിഭകള്‍ ഇന്ത്യക്കുണ്ട്. ലങ്കന്‍ പര്യടനം നടത്തുന്ന ടീമും പ്രതിഭാശാലികളുടെ കൂട്ടമാണ്. ബി ടീം എന്ന വിളി ഞങ്ങള്‍ അംഗീകരിക്കില്ല. ഇപ്പോള്‍ ഇംഗ്ലണ്ടിലുള്ള ടീമുമായി കളിച്ചാല്‍ കുറച്ച് മത്സരങ്ങളിലെങ്കിലും അവരെ തോല്‍പിക്കുമെന്നും' വീരു പറഞ്ഞു. 

'ഇന്ത്യ അയച്ചത് ബി ടീമിനെയല്ല. ടീമിനെ അയച്ചതിന് ബിസിസിഐയോട് ലങ്കന്‍ ബോര്‍ഡ് നന്ദിപറയുകയാണ് വേണ്ടത്. ഞങ്ങള്‍ ലഭ്യമല്ല, മറ്റെപ്പോഴെങ്കിലും പരമ്പര നടത്താം എന്ന് ബിസിസിഐക്ക് വേണമെങ്കില്‍ പറയാമായിരുന്നു. സാമ്പത്തികമായി ബോര്‍ഡിനും താരങ്ങള്‍ക്കും ഗുണകരമായ നീക്കത്തിന് ടീമിനോട് നന്ദി പറയുകയാണ് വേണ്ടത്. ഇന്ത്യന്‍ ടീം ലങ്കന്‍ പര്യടനത്തിന് എത്തിയില്ലായിരുന്നെങ്കില്‍ ആറ് മത്സരങ്ങളുടേയും പണവും സ്‌പോണ്‍സര്‍ഷിപ്പും ലങ്കന്‍ ബോര്‍ഡിന് നഷ്‍‌ടമാകുമായിരുന്നു' എന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. 

രണതുംഗെ പറഞ്ഞതെന്ത്?

ഇങ്ങനൊരു ടീമിനെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വിളിച്ചുവരുത്തിയത് പരസ്യ വരുമാനം മാത്രം ലക്ഷ്യമിട്ടാണ്. ഇത് ശ്രീലങ്കയിലെ ക്രിക്കറ്റ് ആരാധകരെ അപമാനിക്കുന്നതിന് തുല്യമാണെന്നുമായിരുന്നു ലങ്കയ്‌ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകന്‍ കൂടിയായ അര്‍ജുന രണതുംഗെയുടെ വിമര്‍ശനം. വിരാട് കോലി നയിക്കുന്ന സീനിയര്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാലാണ് ശിഖര്‍ ധവാനെ നായകനാക്കി യുവനിരയെ ബിസിസിഐ ലങ്കയിലേക്കയച്ചത്. ആദ്യ ഏകദിനത്തില്‍ ഏഴ് വിക്കറ്റിന് ജയിച്ച് കുട്ടിപ്പട കരുത്ത് കാട്ടുകയും ചെയ്‌തു. 

നേരത്തെ അർജുന രണതുംഗെയുടെ പരാമർശത്തെ ലങ്കൻ ക്രിക്കറ്റ് ബോർഡ് തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയുടേത് മികച്ച ടീം തന്നെയാണെന്ന് പ്രസ്‌താവനയുമിറക്കിയ ബോര്‍ഡ്, ഇന്ത്യയുടെ 20 അംഗ സ്‌ക്വാഡിലെ 14 താരങ്ങള്‍ മൂന്ന് ഫോര്‍മാറ്റിലും കളിച്ചവരാണെന്നും വ്യക്തമാക്കി. ലങ്കന്‍ മുന്‍ നായകന് മറുപടിയുമായി ഇന്ത്യന്‍ മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. 

കിഷന്‍ മുതല്‍ ദ്രാവിഡ് വരെ, കൊളംബോയില്‍ അരങ്ങേറ്റക്കാരുടെ ദിനം; ലങ്കയ്‌ക്കെതിരെ ഇന്ത്യയുടെ വിജയം 7 വിക്കറ്റിന്

'ഇന്ത്യ അയച്ചത് രണ്ടാംനിര ടീമിനെ, കുറ്റക്കാർ ലങ്കന്‍ ബോർഡ്'; വിമർശനവുമായി രണതുംഗ

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona