ഓള്‍ റൗണ്ടര്‍മാരായി ഹര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും ടീമിലിടം നേടിയപ്പോള്‍ സ്പിന്നര്‍മാരായി യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവുമാണുള്ളത്.

ഇന്‍ഡോര്‍: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ജയിച്ചതിനുശേഷം ടി20 ലോകകപ്പില്‍ കളിക്കാനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ തെരഞ്ഞെടുത്ത് മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍. വിരാട് കോലി ക്യാപ്റ്റനാകുന്ന ടീമില്‍ രണ്ടു പേരുടെ അസാന്നിധ്യമാണ് ഏറ്റവും ശ്രദ്ധേയമായത്.

ഏകദിന ലോകകപ്പിനുശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ലാത്ത മുന്‍ നായകന്‍ എം എസ് ധോണിയും ഓപ്പണര്‍ ശീഖര്‍ ധവാനും ലക്ഷ്മണ്‍ തെരഞ്ഞെടുത്ത 15 അംഗ ടീമിലില്ല. രോഹിത് ശര്‍മക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത് കെ എല്‍ രാഹുലാണ്. യുവതാരം ശ്രേയസ് അയ്യരും മനീഷ് പാണ്ഡെയും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തുമാണ് ലക്ഷ്മണിന്റെ ടീമിലെ മധ്യനിരയിലുള്ളത്.

ടി20 ലോകകപ്പിനായി ലക്ഷ്മണ്‍ തെര‍ഞ്ഞെടുത്ത 15 അംഗ ഇന്ത്യന്‍ ടീം: വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷബ് പന്ത്, ശിവം ദുബെ, ഹര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍.