ഹൈദരാബാദ്: നിര്‍ഭാഗ്യവാന്മാരായ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണിന്റെ സ്ഥാനം. ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുമ്പോഴും താരത്തിന് ഏകദിന ക്രിക്കറ്റ് കളിക്കാന്‍ അധികം അവസരം ലഭിച്ചിട്ടില്ല. എന്തിന് ഏറെ പറയുന്നു. ഫോമിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോവും താരത്തിന് ലോകകപ്പ് ടീമില്‍ അവസരം ലഭിച്ചിരുന്നില്ല.

1996 നവംബറില്‍ സച്ചിന്‍ ക്യാപ്റ്റനായിരിക്കെയാണ് ലക്ഷമണ്‍ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറുന്നത്. പിന്നീട് രണ്ട് വര്‍ഷമെടുത്തു ഏകദിന ജേഴ്‌സിയില്‍ കയറാന്‍. മുഹമ്മദ് അസറുദ്ദീനായിരുന്നു അന്ന് ക്യാപ്റ്റന്‍. 2012ലാണ് ലക്ഷ്മണ്‍ വിരമിക്കുന്നത്. ഇതിനിടെ നാല് ഏകദിന ലോകകപ്പുകള്‍ കഴിഞ്ഞു. ഒന്നില്‍പോലും സ്ഥാനം നേടാന്‍ ലക്ഷ്മണിനായില്ല. 

ഇതിന്റെ കാരണം വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ അസറുദ്ദീന്‍. മോശം ഫീല്‍ഡിങ്ങാണ് ലക്ഷ്മണിനെ ഏകദിന ജേഴ്‌സിയില്‍ നിന്ന് അകറ്റി നിര്‍ത്തിയതെന്നാണ് അസര്‍ പറയുന്നത്. ''സ്ലിപ്പില്‍ വിശ്വസിക്കാവുന്ന ഫീല്‍ഡറാണ് ലക്ഷ്മണ്‍ എന്നുള്ള സംശയമില്ലാത്ത കാര്യമാണ്. എന്നാല്‍ സ്ലിപ്പിന് വെളിയില്‍ അദ്ദേഹത്തിന് പോരായ്മകളുണ്ടായിരുന്നു. സെലക്റ്റര്‍മാര്‍ അദ്ദേഹത്തിന്റെ ഫീല്‍ഡിങ് കാര്യത്തില്‍ തൃപ്തരായിരുന്നില്ല. ഏകദിന ക്രിക്കറ്റില്‍ മുഴുവന്‍ സമയവും സ്ലിപ്പില്‍ നില്‍ക്കാന്‍ കഴിയില്ല. 

നായകന്‍ പറയും എവിടെ നില്‍ക്കണമെന്ന്. ടീമംഗങ്ങള്‍ അത് അനുസരിക്കണം. ഈ അവസരത്തില്‍ ലക്ഷ്മണ്‍ പലപ്പോഴും നിരാശപ്പെടുത്തിയിട്ടുണ്ട്. ചിലപ്പോള്‍ ടീം കോംപിനേഷന്‍ നിലനിര്‍ത്താന്‍ നായകന്മാര്‍ മികച്ച കളിക്കാരെ പുറത്തിരുത്താറുണ്ട്. ലക്ഷ്മണിന്റെ കാര്യത്തില്‍ സംഭവിച്ചതും മറ്റൊന്നല്ല.'' അസര്‍ പറഞ്ഞുനിര്‍ത്തി.