മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഭാഗമാകുകയും ബിസിസിഐ ഉപദേശക സമിതി അംഗമാകുകയും ചെയ്യുന്നതിലൂടെ വിരുദ്ധ താല്‍പര്യമയരുന്നുവെന്ന പരാതിയില്‍ ബിസിസിഐ ഓംബുഡ്സ്മാന്‍ ഡി കെ ജെയിന് വിവിഎസ് ലക്ഷ്മണ്‍ മറുപടി നല്‍കി. ഉപദേശകസമിതി അംഗമെന്ന നിലയില്‍ തങ്ങളുടെ ചുമതലകള്‍ എന്തൊക്കെയാണെന്ന് ബിസിസിഐ ഇടക്കാല ഭരണസമിതി ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് ലക്ഷ്മണ്‍ മറുപടിയില്‍ വ്യക്തമാക്കി.

ഉപദേശക സമിതി രൂപീകരിച്ചപ്പോള്‍ ദേശീയ പരിശീലകനെ തെരഞ്ഞെടുക്കുന്നത് മാത്രമായിരുന്നില്ല ചുമതലയെന്നും മറ്റ് വിശാല ചുമതലകള്‍കൂടി ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഭരണസമിതി നാളിതുവരെ ഇക്കാര്യത്തില്‍ യാതൊരു വ്യക്തതതയും വരുത്തിയിട്ടില്ലെന്നും ലക്ഷ്മണ്‍ ഓംബുഡ്സ്മാന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഭാഗമാകുന്നത് വിരുദ്ധ താല്‍പര്യമാണെങ്കില്‍ വിട്ടുനില്‍ക്കാന്‍ തയാറാണെന്നും ലക്ഷ്മണ്‍ മറുപടിയില്‍ പറഞ്ഞു.

2018 ഡിസംബര്‍ ഏഴിന് ഉപദേശകസമിതിയുടെ റോള്‍ എന്താണെന്ന് വ്യക്തമാക്കണമെന്ന് കാണിച്ച് ബിസിസിഐ ഇടക്കാല ഭരണസമിതിക്ക് കത്തെഴുതിയിരുന്നെങ്കിലും ഇതുവരെ യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ല. 2015ല്‍ ഉപദേശകസമിതി രൂപീകരിച്ചപ്പോള്‍ സമിതിയുടെ കാലാവധി പറഞ്ഞിരുന്നില്ല. ഭരണസിമിതിയുടെ ഭാഗത്തുനിന്ന് ഇതുവരെയും യാതൊരു വിശദീകരണവും ലഭിക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും ലക്ഷ്മണ്‍ മറുപടിയില്‍ പറയുന്നു. തനിക്കെതിരെ ഉയര്‍ന്ന വിരുദ്ധ താല്‍പര്യമെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും താന്‍ സെലക്ടറോ, കളിക്കാരനോ , പരിശീലകനോ അല്ലെന്നും ലക്ഷ്മണ്‍ പറഞ്ഞു.

മുംബൈ ഇന്ത്യന്‍സ് മാര്‍ഗദര്‍ശി എന്ന നിലക്ക് പ്രതിഫലം പറ്റുന്നില്ലെന്നും മാനേജ്മെന്റിന്റെ ഭാഗമായി മുംബൈ ഇന്ത്യന്‍സ് ടീമിന്റെ നയതീരുമാനങ്ങളില്‍ ഭാഗഭാക്കല്ലെന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഓംബുഡ്സ്മാന് നല്‍കിയ  മറുപടി കത്തില്‍ വ്യക്തമാക്കിയിരുന്നു. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായ സഞ്ജീവ് ഗുപ്തയാണ് ഇരുവര്‍ക്കുമെതിരെ ഓംബുഡ്സ്മാന് പരാതി നല്‍കിയത്.