കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്‍റും ഇതിഹാസ നായകനുമായ സൗരവ് ഗാംഗുലിയെ കുറിച്ച് ആരാധകര്‍ക്ക് കൗതുകമുണര്‍ത്തുന്ന വെളിപ്പെടുത്തലുമായി മുന്‍ സഹതാരം വിവിഎസ് ലക്ഷ്‌മണ്‍. ദാദ ക്രിക്കറ്റ് അഡ്‌മിനിസ്‌ട്രേറ്ററായി കരിയര്‍ തുടങ്ങിയ 2014ലെ കാര്യമാണ് വിവിഎസ് ഓര്‍ത്തെടുത്തത്. ഗാംഗുലിയെ കുറിച്ച് വെരി വെരി സ്‌പെഷ്യലായ വെളിപ്പെടുത്തലാണ് വിവിഎസ് നടത്തിയതും.

ഗാംഗുലി 2014ല്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്‍റ് സെക്രട്ടറിയായിരിക്കേയാണ് സംഭവം. അതിനെക്കുറിച്ച് വിവിഎസ് പറയുന്നതിങ്ങനെ. "ഞാന്‍ ബാറ്റിംഗ് ഉപദേശകനായാണ് കൊല്‍ക്കത്തയിലെത്തിയത്. ബംഗാള്‍ അസോസിയേഷനിലെ ജോ. സെക്രട്ടറിയായിരുന്നു ആ സമയം സൗരവ്. അദേഹത്തിന്‍റെ മുറിയിലെത്തിയപ്പോള്‍ ഞാന്‍ അമ്പരന്നുപോയി, അത്ര ചെറിയ ഇടമായിരുന്നു അത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകനായ മനുഷ്യന്‍റെ മുറിയിലെ കാഴ്‌ച എന്നെ അത്ഭുതപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്തു. 

ലോക ക്രിക്കറ്റിലെ ഇതിഹാസമാണ് താനെന്ന് സ്വയം മറന്നിരിക്കുന്നു നീലക്കണ്ണുകളുള്ള കൊല്‍ക്കത്തയുടെ രാജകുമാരന്‍. ജോ. സെക്രട്ടറി എന്ന പദവിയിലും അവിടുത്തെ സൗകര്യങ്ങളിലും സൗരവ് സന്തുഷ്ടനായിരുന്നു"- കൊല്‍ക്കത്തയില്‍ സൗരവ് ഗാംഗുലിയും മുഹമ്മദ് അസ്‌ഹറുദ്ദീനും പങ്കെടുത്ത ചടങ്ങില്‍ വിവിഎസ് ലക്ഷ്‌മണ്‍ ഓര്‍ത്തെടുത്തു. ബിസിസിഐ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലിയെ അനുമോദിക്കാനാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചടങ്ങ് സംഘടിപ്പിച്ചത്. '

സൗരവ് എനിക്ക് വെരി വെരി സ്‌പെഷ്യല്‍ ക്യാപ്റ്റന്‍

"ലോര്‍ഡ്‌സിലെ അരങ്ങേറ്റത്തിന് ശേഷം സൗരവ് ഗാംഗുലിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സൗരവിന്‍റെ കളി സ്‌പെഷ്യലാണ്. എന്നെ സംബന്ധിച്ച് സൗരവ് എന്ന നായകന്‍ വെരി വെരി സ്‌പെഷ്യലാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ അദേഹം മാറ്റിമറിച്ച രീതി, നല്‍കിയ സുരക്ഷാബോധം, അതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നോര്‍ക്കുക. സഹതാരം ബിസിസിഐ പ്രസിഡന്‍റ് ആയതില്‍ അഭിമാനമുണ്ട്. മുന്‍ഗാമിയായ മുഹമ്മദ് അസ്‌ഹറുദ്ദീന്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായതും സന്തോഷം നല്‍കുന്നതായി വിവിഎസ് പറഞ്ഞു.

ബംഗാള്‍ ക്രിക്കറ്റിനൊരു മോശം കാലമുണ്ടായിരുന്നു. അതില്‍ നിന്ന് കരകയറ്റാന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് സൂചിപ്പിച്ച് സൗരവ് എനിക്കൊരു സന്ദേശമയച്ചു. ഇംഗ്ലണ്ട് ലോകകപ്പിനിടെ ബര്‍മിംഗ്‌ഹാമില്‍ വീരേന്ദര്‍ സെവാഗിനൊപ്പം ഭക്ഷണം കഴിക്കാനിറങ്ങിയപ്പോള്‍ സൗരവിന്‍റെ ക്രിക്കറ്റിനോടുള്ള സ്‌നേഹം വീണ്ടും ‍ഞാന്‍ അടുത്തറിഞ്ഞു. എല്ലാവര്‍ക്കും സൗരവിന്‍റെ ഒരംശമെങ്കിലും ആവശ്യമുണ്ട്" എന്ന് തോന്നുന്നതായും ഇന്ത്യയുടെ ഇതിഹാസ താരം വിവിഎസ് ലക്ഷ്‌മണ്‍ പറഞ്ഞു. 

ബിസിസിഐയുടെ 39-ാം പ്രസിഡന്‍ററായാണ് സൗരവ് ഗാംഗുലി തെരഞ്ഞെടുക്കപ്പെട്ടത്. എതിരില്ലാതെയായിരുന്നു ഗാംഗുലി അടക്കമുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. വിരമിച്ച ശേഷം 2014ല്‍ ക്രിക്കറ്റ് ഭരണരംഗത്ത് ഇന്നിംഗ്‌സ് തുടങ്ങിയ സൗരവ് ഗാംഗുലി 2015 മുതല്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായിരുന്നു.