ഹൈദരാബാദ്: ആരാധകരുടെ ഹൃദയം തൊടുന്ന ട്വീറ്റുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്‍. ഭിന്നശേഷിക്കാരാനായ മകനെ പോറ്റാനായി കഷ്ടപ്പെടുന്ന ഒരു അമ്മയുടെ വീഡിയോ ആണ് ലക്ഷ്മണ്‍ പങ്കുവെച്ചത്. ഈ അമ്മയും ഭിന്നശേഷിക്കാരിയാണ്. മന്‍ദീപ് സിംഗ് എന്നൊരാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ആണ് ലക്ഷ്മണ്‍ ട്വീറ്റ് ചെയ്തത്.

എവിടെ നിന്നുള്ള വീഡിയോ ആണെന്നോ എപ്പോള്‍ എടുത്തതാണെന്നോ വ്യക്തമല്ല. അമ്മമാര്‍ എപ്പോഴും സ്പെഷലാണ്, സ്നേഹം, മനുഷ്യരൂപംപൂണ്ടവര്‍. ഭിന്നശേഷിക്കാരനായ മകനെ പോറ്റാന്‍ അധ്വാനിക്കുന്ന ഈ അമ്മയുടെ വീഡിയോ നമ്മുടെയൊക്കെ ഹൃദയം തൊടുമെന്നുറപ്പാണ്. ഈ അമ്മയും ഭിന്നശേഷിക്കാരിയാണ്-ലക്ഷ്മണ്‍ ട്വിറ്ററില്‍ കുറിച്ചു.

ഈ അമ്മയുടെ കഷ്ടപ്പാടിന്റെ കഥയറിഞ്ഞ ചില സാമൂഹ്യപ്രവര്‍ത്തകര്‍ അവര്‍ക്ക് ഭക്ഷണമെത്തിച്ചുവെന്നും ലക്ഷ്മണ്‍ പറഞ്ഞു. ലക്ഷ്മണിന്റെ ട്വീറ്റിന് താഴെ നിരവധി കമന്റുകളും എത്തിയിട്ടുണ്ട്. വീഡിയോ കണ്ട് കരഞ്ഞുപോയെന്നും ഈ അമ്മക്കും മകനും എന്ത് സഹായവും ചെയ്യാന്‍ തയാറാണെന്നും പലരും കുറിച്ചു.