ഇന്ത്യയോട് 55 റൺസിന് ഓൾഔട്ടായി ദയനീയമായി തോറ്റെങ്കിലും ഏഷ്യ കപ്പിലെ ഏറ്റവും മികച്ച ടീം പാകിസ്ഥാൻ തന്നെയാണെന്ന് പരിശീലകൻ വഹാബ് റിയാസ് അവകാശപ്പെട്ടു. ഭാവി മുന്നിൽക്കണ്ടാണ് ടീമിൽ മാറ്റങ്ങൾ വരുത്തിയതെന്നും, ഇന്ത്യക്കെതിരായ തോൽവിയിൽ നിന്ന് ടീം പാഠം ഉൾക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ്: ഇന്ത്യയോട് വെറും 55 റണ്‍സിന് ഓള്‍ഔട്ടായി ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പാകിസ്ഥാന്‍ തന്നെയാണ് ഏഷ്യ കപ്പിലെ ഏറ്റവും മികച്ച ടീമെന്ന് പരിശീലകന്‍ വഹാബ് റിയാസ്. ദുബായില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ വെറും 8.4 ഓവറില്‍ ലക്ഷ്യം കണ്ട് ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് റിയാസിന്റെ ഈ വിചിത്ര അവകാശവാദം. മത്സരത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് കനത്ത തോല്‍വിക്കിടയിലും പാകിസ്ഥാന്‍ കിരീടം ചൂടുമെന്ന് റിയാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

അനുകൂലമായ സാഹചര്യങ്ങളാണ് ടീമിനുള്ളതെന്നും ഇന്ത്യക്കെതിരായ മോശം പ്രകടനം പെട്ടെന്ന് തന്നെ മറികടക്കാന്‍ കളിക്കാര്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ''ഈ ഏഷ്യ കപ്പില്‍ കിരീടം ചൂടാന്‍ ഏറ്റവും അര്‍ഹതയുള്ള മികച്ച ടീം പാകിസ്ഥാന്‍ തന്നെയാണെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു, കാരണം ഇവിടുത്തെ സാഹചര്യങ്ങള്‍ ഞങ്ങള്‍ക്ക് ഏറെ അനുകൂലമാണ്. ഇന്ത്യക്കെതിരെ ഞങ്ങള്‍ക്ക് എവിടെയാണ് പിഴച്ചതെന്ന് ഞങ്ങള്‍ പരിശോധിക്കും. ആ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും.'' വഹാബ് പറഞ്ഞു.

ഈ വര്‍ഷമാദ്യം നടന്ന ടി20 ലോകകപ്പിന് ശേഷം ടീമില്‍ ഏഴ് മാറ്റങ്ങള്‍ വരുത്തിയതിനെതിരെ മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സാന മിര്‍ ഉന്നയിച്ച വിമര്‍ശനങ്ങളോടും റിയാസ് പ്രതികരിച്ചു. മുതിര്‍ന്ന താരങ്ങള്‍ പ്രതീക്ഷിച്ച ഫലം നല്‍കാത്തതിനാലാണ് മാറ്റങ്ങള്‍ വരുത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. ''ഭാവി മുന്നില്‍ക്കണ്ടാണ് ഞങ്ങള്‍ മാറ്റങ്ങള്‍ വരുത്തിയത്. മുമ്പ് കളിച്ചിരുന്ന താരങ്ങള്‍ നിരവധി ലോകകപ്പുകളും ഏഷ്യ കപ്പുകളും കളിച്ചെങ്കിലും മികച്ച ഫലങ്ങള്‍ ലഭിച്ചില്ല. വരാനിരിക്കുന്ന ടൂര്‍ണമെന്റുകള്‍ക്കായി പുതിയ യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ട സമയമാണിത്.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍ നിരയില്‍ മുനീബ അലിയും ഷവാല്‍ ദുല്‍ഫിക്കറും മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യന്‍ ബൗളര്‍മാര്‍ തുടക്കം മുതല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി. ഇന്ത്യക്കായി ശ്രീ ചരണി മൂന്ന് വിക്കറ്റും ദീപ്തി ശര്‍മ്മ, പ്രേമ റാവത്ത് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പാകിസ്ഥാന് ഇനി ഹോങ്കോംഗിനെ നേരിടാനുണ്ട്. സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ അവര്‍ക്ക് ഈ മത്സരത്തില്‍ തോല്‍വി ഒഴിവാക്കിയേ തീരൂ. രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റുള്ള പാകിസ്ഥാന്‍ നിലവില്‍ ഗ്രൂപ്പില്‍ തായ്ലന്‍ഡിനൊപ്പമാണ്.

YouTube video player