ഏകദിന ക്രിക്കറ്റില്‍ എത്ര സ്‌ഫോടനാത്മകമായിട്ടാണ് രോഹിത് തുടങ്ങുന്നതെന്ന് നോക്കൂ. ടെസ്റ്റ് ക്രിക്കറ്റിലും ആദ്യ ഓവര്‍ മുതല്‍ അദ്ദേഹം ആക്രമിച്ച് കളിക്കുന്നു. ശരിക്കും അസൂയ തോന്നുന്നു.

മുംബൈ: ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ പുകഴ്ത്തി സുനില്‍ ഗവാസ്‌കര്‍. കളിച്ചിരുന്ന സമയത്ത് രോഹിത്തിനെ പോലെ ബാറ്റ് ചെയ്യാനാനാണ് ആഗ്രഹിച്ചിരുന്നതെന്ന് ഗവാസ്‌കര്‍ വ്യക്താക്കി. എന്നാല്‍ അന്നത്തെ സാഹചര്യങ്ങള്‍ അതിന് യോജിച്ചതല്ലായിരുന്നുവെന്നും ഇന്ത്യയുടെ ഇതിഹാസ താരം പറഞ്ഞു. 

ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായിട്ടാണ് ക്രിക്കറ്റ് ലോകം ഗവാസ്‌കറെ കാണുന്നത്. അദ്ദേഹം തുടര്‍ന്നു... ''ഏകദിന ക്രിക്കറ്റില്‍ എത്ര സ്‌ഫോടനാത്മകമായിട്ടാണ് രോഹിത് തുടങ്ങുന്നതെന്ന് നോക്കൂ. ടെസ്റ്റ് ക്രിക്കറ്റിലും ആദ്യ ഓവര്‍ മുതല്‍ അദ്ദേഹം ആക്രമിച്ച് കളിക്കുന്നു. ശരിക്കും അസൂയ തോന്നുന്നു. ഈ ശൈലിയിലാണ് ഞാനും കളിക്കാന്‍ ആഗ്രഹിച്ചിരുന്നത്. 

എന്നാല്‍ അന്നത്തെ സാഹചര്യങ്ങള്‍ അതിന് യോജിച്ചതല്ലായിരുന്നു. മാത്രമല്ല എന്റെ കഴിവില്‍ പലപ്പോഴും എനിക്ക് ആത്മവിശ്വാസമില്ലായിരുന്നു. എന്നാല്‍ എനിക്ക് ശേഷം വന്ന തലമുറ ഇങ്ങനെ ചെയ്യുന്നത് കാണുമ്പോല്‍ സന്തോഷമുണ്ട്. ഏറെ ആസ്വദിച്ചാണ് ഞാന്‍ അവരുടെ പ്രകടനങ്ങള്‍ കാണുന്നത്. ഇപ്പോഴത്തെ താരങ്ങള്‍ സൗകര്യമപൂര്‍വം കളിക്കാനുള്ള അവസരം ലഭിക്കുന്നുണ്ട്്. അവരത് മുതലെടുക്കുന്നു.'' ഗവാസ്‌കര്‍ പറഞ്ഞുനിര്‍ത്തി. 

ഐപിഎല്ലിനായി യുഎഇലാണിപ്പോള്‍ രോഹിത് ശര്‍മ. ഹിറ്റമാന് കീഴില്‍ അഞ്ചാം ഐപിഎല്‍ കിരീടമാണ് മുംബൈ ഇന്ത്യന്‍സ് ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ 19ന് ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് മുംബൈയുടെ എതിരാളി.