നാട്ടില്‍ 0-3ന് പരമ്പര നഷ്ടമാകുക എന്നത് തൊണ്ടതൊടാതെ വിഴുങ്ങാന്‍ അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്.അതുകൊണ്ട് തന്നെ അക്കാര്യത്തില്‍ പരിശോധന വേണം.
മുംബൈ: ന്യൂസിലന്‍ഡിനെിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 0-3ന് തോറ്റതിന് പിന്നാലെ നിരവധിചോദ്യങ്ങളുമായി ബാറ്റിംഗ് ഇതിഹാസം സച്ചിന്ഡ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യ പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന് പിന്നാലെ എക്സ് പോസ്റ്റിലൂടെയാണ് സച്ചിന്‍ ഇന്ത്യയുടെ മോശം പ്രകടനത്തെ വിമര്‍ശിച്ചതിനൊപ്പം ആത്മപരിശോധന വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
നാട്ടില്‍ 0-3ന് പരമ്പര നഷ്ടമാകുക എന്നത് തൊണ്ടതൊടാതെ വിഴുങ്ങാന്‍ അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്.അതുകൊണ്ട് തന്നെ അക്കാര്യത്തില്‍ പരിശോധന വേണം. എന്തുകൊണ്ടാണ് തോറ്റത്, തയാറെടുപ്പുകളുടെ കുറവു കൊണ്ടാണോ, മോശം ഷോട്ട് സെലക്ഷനാണോ, അതോ പരിശീലന മത്സരങ്ങളുടെ കുറവുകൊണ്ടാണോ, ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണം.
ശുഭ്മാന്‍ ഗില്‍ ആദ്യ ഇന്നിംഗ്സില്‍ തിരിച്ചടിക്കാനുള്ള തന്‍റെ മികവ് കാട്ടി. റിഷഭ് പന്താകട്ടെ രണ്ട് ഇന്നിംഗ്സിലും ഉജ്ജ്വലമായാണ് കളിച്ചത്. അവന്‍റെ ഫൂട്ട് വര്‍ക്ക് വെല്ലുവിളി നിറഞ്ഞൊരു പിച്ചിനെ മറ്റൊന്നാക്കി മാറ്റി. ആസാമാന്യ പ്രകടനമായിരുന്നു അവന്‍റേത്.വിജയത്തില്‍ എല്ലാ ക്രെഡിറ്റും ന്യൂസിലന്‍ഡിന് നല്‍കുന്നു. പരമ്പരയില്‍ മുഴവന്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് നിങ്ങള്‍ പുറത്തെടുത്തത്. ഇന്ത്യയില്‍ 3-0ന് പരമ്പര നേടാനാവുക എന്നത് കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ഫലമാണെന്നും സച്ചിന്‍ എക്സ് പോസ്റ്റില്‍ കുറിച്ചു.
ന്യൂസിലന്‍ഡിനെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 25 റൺസിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്നാം ദിനം ലഞ്ചിനുശേഷം 121 റണ്‍സിന് ഓൾ ഔട്ടായി. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് നാട്ടില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്നത്. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 29-5 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞശേഷം അര്‍ധസെഞ്ചുറി നേടിയ റിഷഭ് പന്ത് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ലഞ്ചിനുശേഷം അജാസ് പട്ടേലിന്‍റെ പന്തില്‍ റിഷഭ് പന്ത് പുറത്തായതോടെ ഇന്ത്യ 25 റണ്‍സകലെ അടിതെറ്റി വീഴുകയായിരുന്നു.
